ന്യൂഡല്‍ഹി: വനിതാ ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരാൻ ബിജെപി. ഇന്നും വിവിധ സംസ്ഥാനങ്ങളില്‍ പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും.അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കി. തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പെരുമാറ്റ ചട്ട ലംഘനമാണെന്ന് സിപിഐ എംപി സന്തോഷ് കുമാർ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പ്രതിപക്ഷം പരാതി നല്‍കിയേക്കും.
പ്രധാനമന്ത്രി ഔദ്യോഗിക മാധ്യമം ദുരുപയോഗം ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിജെപി നീക്കത്തെ ഒന്നിച്ച് എതിർക്കുന്നത് ഇന്ത്യ സഖ്യം ആലോചിക്കും. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഭരണഘടന ഭേദഗതിക്ക് വീണ്ടും ശ്രമിക്കും എന്ന സന്ദേശം വെറും വാക്കല്ലെന്നും പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്മക്കളുടെയും വിഷയം സംസാരിക്കാനാണ് വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വനിത ബില്ല് പാസ്സാകാത്തതില്‍ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണം ബില്ല് പരാജയപ്പെട്ടു. ബില്ല് പരാജയപ്പെട്ടപ്പോള്‍ കുടുംബ പാർട്ടികള്‍ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പു നല്‍കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. വനിതാ ബില്‍ പാർലമെൻ്റില്‍ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാർലമെൻറില്‍ ബില്ലിൻ്റെ പരാജയം ആഘോഷിച്ചവരെ സ്ത്രീകള്‍ നോക്കി വയ്ക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകള്‍ എല്ലാം മനസ്സിലാക്കുന്നവരാണ്. വനിത സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാർട്ടികള്‍ക്ക് കിട്ടും. ആരില്‍ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടു വന്നത്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ നല്‍കാനാണ് ബില്ലിലൂടെ ശ്രമിച്ചത്. 2029 ല്‍ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സത്യസന്ധമായ നീക്കമാണ് നടത്തിയത്. നാരീശക്തി വന്ദൻ നിയമം കാലഘട്ടത്തിൻറെ ആവശ്യമാണ്. എല്ലാ മേഖലകള്‍ക്കും ഒരേ ശക്തി നല്‍കാനാണ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ അനുപാതത്തില്‍ ശക്തി കൂട്ടാനുള്ള ശ്രമമാണ്. കോണ്‍ഗ്രസ് അടക്കം കക്ഷികള്‍ നടത്തിയത് ഭ്രൂണഹത്യയാണ്. ഭ്രൂണഹത്യയില്‍ കോണ്‍ഗ്രസും ടിഎംസിയും ഡിഎംകെയും കുറ്റവാളികളാണ്. കോണ്‍ഗ്രസ് പല വട്ടം ബില്ല് പാസ്സാകാതിരിക്കാൻ ഗൂഢാലോചന നടത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും ശ്രമിച്ചത്. കോണ്‍ഗ്രസ് പഴയ തെറ്റുകള്‍ ആവർത്തിക്കില്ലെന്നാണ് കരുതിയത്. സ്ത്രീകളുടെ കൂടെ നില്‍ക്കാനുള്ള അവസരം കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചു. കോണ്‍ഗ്രസ് ഇന്ന് പ്രാദേശിക പാർട്ടികളെ ആശ്രയിക്കുന്ന പരാതജീവിയാണ്. എന്നാല്‍ പ്രാദേശിക പാർട്ടികള്‍ വളരുന്നത് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു.

