മുംബൈ: ഐപിഎല്ലിലെ അതിശയകരമായ പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റില്‍ വിസ്മയം തീർത്ത രാജസ്ഥാന്‍ റോയല്‍സിന്‍റെ 15-കാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് വ്യക്തമായ നിർദ്ദേശം നല്‍കി ബിസിസിഐ. വൈഭവ് അസാധാരണ പ്രതിഭയാണെന്നും അവനെ ടീമിലെത്തിക്കാൻ ആവശ്യമായതെന്തും ചെയ്യാമെന്നും ബിസിസിഐ നേതൃത്വം സെലക്ഷൻ കമ്മിറ്റിയോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകള്‍.
ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു വൈഭവ്. 16 മത്സരങ്ങളില്‍ നിന്ന് 237.31 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. ടി20 ക്രിക്കറ്റിന്‍റെ നിർവചനം തന്നെ തിരുത്തിക്കുറിക്കുന്ന പ്രകടനമാണ് വൈഭവ് ഇത്തവണ കാഴ്ചവെച്ചത്. ഒരു സീസണില്‍ ഏറ്റവും കൂടതല്‍ സിക്സറുകള്‍ പറത്തിയതിന്‍റെ റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. 72 സിക്സറുകളാണ് വൈഭവ് പറത്തിയത്. തൊട്ടടുത്തുള്ള അഭിഷേക് ശർമ്മയുടെ (43 സിക്സറുകള്‍) ഇരട്ടിയോളമാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈഭവിന്‍റെ പ്രായം കണക്കിലെടുത്ത് ഇത്ര വേഗത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊണ്ടുവരണമോ എന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്ത് ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, തന്നെക്കാള്‍ രണ്ടിരട്ടി പ്രായമുള്ള, പരിചയസമ്പന്നരായ ബൗളർമാരെ യാതൊരു ഭയവുമില്ലാതെ നേരിടുന്ന വൈഭവിന്‍റെ പക്വത പ്രശംസനീയമാണെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അണ്ടർ 19 ലോകകപ്പ് ജേതാവ് കൂടിയായ വൈഭവ് വിദേശ ബൗളര്‍മാരെ അടം നേരിടുന്നതില്‍ ഐപിഎല്ലില്‍ പുറത്തെടുത്ത മികവ് സെലക്ടർമാരെയും ബിസിസിഐയെയും ആകർഷിച്ചിട്ടുണ്ട്.
ഈ മാസം അവസാനം അയർലൻഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയയും വൈഭവിനെ വാനോളം പുകഴ്ത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ അത്ഭുത ബാലനാണ് വൈഭവ്. വരും ദിവസങ്ങളില്‍ അവൻ ലോക ക്രിക്കറ്റിനെ തന്നെ അത്ഭുതപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് സൈകിയ പറഞ്ഞു.
സെലക്ടർമാർ എല്ലാവരും ഐപിഎല്‍ മത്സരങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തുന്നുണ്ടെന്നും, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ടീം തിരഞ്ഞെടുപ്പില്‍ വൈഭവിന്റെ കരിയറിന് ഏറ്റവും ഗുണകരമായ തീരുമാനങ്ങള്‍ അവർ കൈക്കൊള്ളുമെന്നും സൈകിയ കൂട്ടിച്ചേർത്തു. വൈഭവ് അസാധാരണ പ്രതിഭയാണെന്നും അവൻ വലിയ നേട്ടങ്ങള്‍ കൊയ്യുമെന്നും സൈകിയ പ്രതീക്ഷ പ്രകടിപ്പിച്ചു.
അയർലൻഡ് പര്യടനം മുന്നില്‍
ജൂണ്‍ 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ ടി20 മത്സരങ്ങള്‍. അതിനുശേഷം ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഈ ആഴ്ച അവസാനം മുള്ളൻപൂരില്‍ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനിടെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്തായാലും വൈഭവ് സൂര്യവംശി നീല ജേഴ്സിയില്‍ അരങ്ങേറ്റം കുറിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.


