തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനുമായി ആലുവ ദേശത്തെ വീട്ടിലെത്തി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതില്‍ വിമർശനവുമായി കോണ്‍ഗ്രസ് വക്താവ് വി.ആർ അനൂപ്. തുഷാര്‍ സാമ്പത്തിക കുറ്റവാളിയാണെന്നും എസ്‌എൻഡിപി നേതാവായി കാണാന്‍ കഴിയില്ലെന്നും വിആര്‍ അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നുവെന്നാണ് വിമര്‍ശനം. ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി ആര്‍ അനൂപ് വിമർശിച്ചു.
സാമ്പത്തിക തട്ടിപ്പിന് ഗള്‍ഫില്‍ അറസ്റ്റ് ചെയ്യപ്പെട്ട തുഷാറിനെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താല്‍പര്യമെടുത്ത് കത്തെഴുതി മോചിപ്പിച്ച് നാട്ടിലെത്തിക്കുമ്പോള്‍, അന്ന് അതിനെ എതിർത്തത് അന്നത്തെ പ്രതിപക്ഷ നേതാവ് മുതല്‍ ഇതെഴുതുന്ന ഞാൻ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവത്തകർ ആണ്. അധികാരത്തിലെത്തി എന്ന് വിചാരിച്ച് അതൊക്കെ അങ്ങനെ മറക്കാൻ കഴിയുമോ? അനൂപ് ചോദിക്കുന്നു. തങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിക്കെതിരെ നടത്തിയ പോരാട്ടംകൂടിയാണ് ഇന്നത്തെ അധികാരമെന്നും വി ആര്‍ അനൂപ് ഓര്‍മിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
തുഷാർ വെള്ളാപ്പള്ളി സമുദായ നേതാവല്ലേ , അദ്ദേഹം മുഖ്യമന്ത്രിയെ അങ്ങോട്ട് പോയി കാണുന്നതില്‍ തെറ്റുണ്ടോ എന്ന് ചോദിക്കുന്ന ശുദ്ധമനസ്കരോട് ആണ്. NDAയിലെ രണ്ടാമത്തെ ഘടകകക്ഷിയുടെ നേതാവിനെ സമുദായ നേതാവായി കാണാൻ കഴിയില്ലാ എന്ന് മാത്രമല്ലാ, തുഷാർ സാമ്പത്തിക കുറ്റവാളി കൂടിയാണ്. സാമ്പത്തിക തട്ടിപ്പിന് ഗള്‍ഫില്‍ അറസ്റ്റ് ചെയ്യപ്പെട്ട തുഷാറിനെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താല്‍പര്യമെടുത്ത് കത്തെഴുതി മോചിപ്പിച്ച് നാട്ടിലെത്തിക്കുമ്പോള്‍, അന്ന് അതിനെ എതിർത്തത് അന്നത്തെ പ്രതിപക്ഷ നേതാവ് മുതല്‍ ഇതെഴുതുന്ന ഞാൻ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവത്തകർ ആണ്. അധികാരത്തിലെത്തി എന്ന് വിചാരിച്ച് അതൊക്കെ അങ്ങനെ മറക്കാൻ കഴിയുമോ?
ഇനി ഏത് സാധാരണ പൗരനും മുഖ്യമന്ത്രിയെ കാണുന്നത് പോലെ, മുഖ്യമന്ത്രിയെ കാണാൻ അങ്ങോട്ട് വന്ന ആള്‍ ആണോ തുഷാർ ? സത്യപ്രതിജ്ഞക്ക് മുഖ്യമന്ത്രി തന്നെ പലവട്ടം ക്ഷണിച്ചിരുന്നു എന്നും അന്ന് വരാൻ കഴിയാത്തത് കൊണ്ട് , ആതിഥ്യം സ്വീകരിക്കാൻ തന്നെയാണ് മുഖ്യമന്ത്രിയുടെ ആലുവയിലെ വസതിയിലെത്തിയത് എന്നാണ് തുഷാർ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. അതൊന്നും ആരും നിഷേധിച്ചിട്ടും ഇല്ല .ഇനി തൊഴില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി സീനിയർ വെള്ളാപ്പള്ളിയുടെ വീട്ടില്‍ പോയകാര്യത്തിലായാലും, ആഭ്യന്തരമന്ത്രി ജൂനിയർ വെള്ളാപ്പള്ളിയെ കാണാൻ പോയതിലായാലും അതിലൊക്കെ ഇതേ നിലപാട് തന്നെയാണ്.
അതായത് വെള്ളാപ്പള്ളി സീനിയർ ആയാലും, ജൂനിയർ ആയാലും, അങ്ങോട്ട് ക്ഷണിച്ച കാര്യത്തിലായാലും, ക്ഷണിക്കാതെ വീട്ടില്‍ പോയ കാര്യത്തില്‍ ആയാലും മുഖ്യമന്ത്രി ആയാലും മന്ത്രിമാർ ആയാലും ഒരേ നിലപാട് തന്നെയാണ്. അത് എൻ്റെ ആദ്യത്തെ Fb പോസ്റ്റിലും പറഞ്ഞിട്ടുള്ളതാണ്. ഇനി ഇവിടത്തെ നേതാക്കള്‍ മാത്രം അല്ല , നാളെ ഈ നിലപാട് സ്വീകരിക്കുന്നത്, സംഘടനാ ജനറല്‍ സെക്രട്രി കെ. സി വേണുഗോപാല്‍ ആയാലും സാക്ഷാല്‍ രാഹുല്‍ ഗാന്ധി ആയാലും നിലപാട് ഇത് തന്നെയായിരിക്കും. ഇവിടെ പലരേയും പോലെ, ചിലരെ രക്ഷിക്കാൻ, ചിലരെ മാത്രം കല്ലെറിയുന്ന പരിപാടിയ്ക്ക് ഇല്ല എന്ന് തന്നെയാണ് പറയാനുള്ളത്.


