വാർത്താപത്രികയുടെ സ്വ.ലേ. തിരുവാർപ്പ് ബാലൻ അനുസ്മരണം തിങ്കളാഴ്ച

കോട്ടയം : കോട്ടയത്തെ ആദ്യകാല പത്രപ്രവർത്തകൻ തിരുവാർപ്പ് ബാലന്റെ നൂറ്റിയഞ്ചാം ജന്മദിനത്തോടും ഇരുപത്തിയഞ്ചാം ചരമ വാർഷികത്തോടും അനുബന്ധിച്ച് കോട്ടയത്തെ പല തലമുറകളിലെ പത്രപ്രവർത്തകരുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് കോട്ടയം പ്രസ്സ് ക്ലബ് വേദിയൊരുക്കുന്നു.

Advertisements

വാർത്താപത്രികയുടെ സ്വ.ലേ. എന്ന പേരിൽ 2025 ഡിസംബർ 22 തിങ്കൾ കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ ശ്രീ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ അഡ്വ കെ സുരേഷ് കുറുപ്പ് അധ്യക്ഷത വഹിക്കും. എഴുത്തുകാരനും പ്രക്ഷേപകനുമായ എസ് ഗോപാലകൃഷ്ണൻ, എം ജി സർവ്വകലാശാലാ റിട്ട പബ്ലിക്കേഷൻ ഡയറക്ടർ കുര്യൻ കെ തോമസ്, പ്രസ് ക്ലബ് പ്രസിഡൻറ് അനീഷ് കുര്യൻ, രാജീവ് മോഹൻ എന്നിവർ സംസാരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവാർപ്പ് ബാലൻ. ജനനം: 1920 ഡിസംബർ 20. വാർത്തകൾ സ്വ. ലേ. എന്ന പേരിൽ അച്ചടിച്ചിരുന്ന കാലത്തെ പത്രപ്രവർത്തകൻ. 1930 കളുടെ രണ്ടാംപാതിയിൽ പത്രവിതരണരംഗത്ത് തുടങ്ങി 1999 ഒക്ടോബർ വരെ ആറു പതിറ്റാണ്ടിലേറെ നീണ്ട പത്രജീവിതം. പൗരധ്വനി, മലയാള രാജ്യം, പൗരപ്രഭ, കേരള ഭൂഷണം, മലയാള മനോരമ, മാതൃഭൂമി, നവജീവൻ പോലെ നിരവധി പത്രങ്ങളുടെ സ്വന്തം ലേഖകൻ. നഗ്നപാദനായ ഗാന്ധിയൻ.

20 വർഷത്തോളം ആകാശവാണിയിൽ വാർത്താ ലേഖകനായിക്കെ വാർത്താപത്രിക, വാർത്താതരംഗിണി എന്നീ പരിപാടികളിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സ്വന്തം ലേഖകൻ ആയിരുന്നു. 1946 ൽ പുന്നപ്ര-വയലാർ വെടിവെപ്പിനുശേഷം വയലാറിലെത്തിയ ആദ്യ പത്രപ്രവർത്തകനായിരുന്നു തിരുവാർപ്പ് ബാലൻ. മകരവിളക്ക് 25 വർഷങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനു തിരുവിതാംകൂർ ദേവസ്വം ബോർഡ് ആദരിച്ച അദ്ദേഹത്തിന്റെ മലയാള രാജ്യത്തിലെ റിപ്പോർട്ടിലൂടെ ആയിരുന്നു ശബരിമലയിലെ വൻ തീപിടുത്തം ലോകം അറിഞ്ഞത്. സർവോദയ സമ്മേളനം, കോൺഗ്രസിന്റെ ഏഴു ദിവസം നീണ്ട ഹൈദരാബാദ് സമ്മേളനംപോലെ .കേരളത്തിന് വെളിയിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ തയ്യാറാക്കി.

എസ് പി സി എസ് ഡയറക്ടർ ബോർഡ് അംഗം, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി, അർബൻ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കോട്ടയം താലൂക്ക് മിൽക്ക് സപ്ലൈ യൂണിയൻ ഡയറക്ടർ, സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ കോട്ടയം വട്ടപ്പറമ്പിൽ അച്യുതൻപിള്ളയുടെയും നാണിയമ്മയുടെയും മകൾ ചെല്ലമ്മ. ഹാസ്യ സാഹിത്യകാരൻ പ്രൊഫ ആനന്ദക്കൂട്ടൻ ഭാര്യസഹോദരൻ. ഉഷാകുമാരി, ഡോ ബാലചന്ദ്രൻ, രാജീവ് മോഹൻ, നന്ദിനി ഇങ്ങനെ നാലു മക്കൾ. മകൻ രാജീവ് മോഹനോടൊപ്പം മണർകാട്ട് ആരണ്യകത്തിൽ വിശ്രമജീവിതം നയിക്കവേ 2000 ജൂലൈ ഒന്നാം തീയതി ആയിരുന്നു അന്ത്യം.

Hot Topics

Related Articles