കോട്ടയം : പ്രസ് ക്ലബ് വീഡിയോ ജേണലിസ്റ്റുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന 2025 വർഷത്തെ പുരസ്കാരത്തിന് മീഡിയ വൺ തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ കാമറമാൻ സാദിഖ് പാറക്കൽ അർഹനായി. അർബുദം ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട വിദ്യാർഥി പ്രതിസന്ധികളെ തരണം ചെയ്ത് സംസ്ഥാന സ്കൂൾ കായികമേള ഇൻക്ലുസീവ് വിഭാഗത്തിൽ വിജയം നേടിയ സ്റ്റോറിക്കാണ് പുരസ്കാരം. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ, ഏഷ്യാനെറ്റ് ന്യൂസ് മുൻ ഡെപ്യൂട്ടി ചീഫ് കാമറാമൻ കെ.പി. വിനോദ് എന്നിവർ ചേർന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന വിദ്യാർഥിയുടെ പോരാട്ടചിത്രം ആദ്യദൃശ്യം മുതൽ സ്റ്റോറിയിൽ പ്രതിഫലിച്ചതായും റിപ്പോർട്ടറുടെ വരികൾക്ക് ഊന്നുപടികളാകുന്ന ദൃശ്യങ്ങൾ മികച്ച കാഴ്ചാനുഭവം ഒരുക്കിയെന്നും ജൂറി വിലയിരുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂറിയുടെ പ്രത്യേക പരാമർശത്തിന് മനോരമ ന്യൂസ് വയനാട് ബ്യൂറോ ചീഫ് കാമറമാൻ സന്തോഷ് പിള്ള അർഹനായി. കവിത പോലെ സുന്ദരമായ പുഴു പൂമ്പാറ്റയാകുന്ന വാർത്താ ദൃശ്യമാണ് ജൂറിയുടെ പ്രത്യേക പരാമർശം നേടിയത്. പോസ്റ്റിവിറ്റി നിറക്കുന്ന കാഴ്ചയാണ് സ്റ്റോറിയിൽ നിറഞ്ഞതെന്ന് ജൂറി അഭിപ്രായപ്പെട്ടു.


