കൊല്ലം: വാഹന മോഡിഫിക്കേഷൻ വിഷയത്തില്‍ യുവാക്കളെ കൈയിലെടുക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മോട്ടോർ വാഹന നിയമം എങ്ങനെയാണ് സതീശൻ മാറ്റുന്നതെന്ന് ഗണേഷ് ചോദിച്ചു. മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മില്‍ എന്താണ് ബന്ധമെന്നും അദ്ദേഹം പരിഹസിച്ചു. വാഹനങ്ങളില്‍ അധിക ലൈറ്റുകള്‍ വെക്കുന്നതിനെതിരെ ഹൈക്കോടതിയുടെ ശക്തമായ വിധിയുണ്ടെന്ന് ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു. വണ്ടിയില്‍ ഒരു അധിക ലൈറ്റ് വെച്ചാല്‍ 5000 രൂപ പിഴ അടിക്കണമെന്നത് ഹൈക്കോടതി നിർദ്ദേശമാണ്. രണ്ടാഴ്ച കൂടുമ്പോള്‍ കോടതി ഈ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. കോടതി വിധിയെ മറികടന്നുകൊണ്ട് എങ്ങനെയാണ് പ്രകടനപത്രികയില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്താൻ കഴിയുന്നതെന്ന് ഗണേഷ് കുമാർ ചോദിച്ചു.
കമ്പനി ഡിസൈനില്‍ മാറ്റം വരുത്തുന്നത് അപകടം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനങ്ങളുടെ ഡിസൈൻ എന്നത് ശാസ്ത്രീയമായി നിർമ്മിച്ച് അനുമതി വാങ്ങിയ ഒന്നാണ്. അതില്‍ മാറ്റം വരുത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. വലിയ ടയറുകള്‍ ഘടിപ്പിക്കാൻ വേണ്ടി വണ്ടിയുടെ ബോഡിയില്‍ മാറ്റം വരുത്തുന്നത് ടയർ ഊരിപ്പോകാനും നിയന്ത്രണം നഷ്ടപ്പെടാനും ഇടയാക്കും. ഇത്തരം മാറ്റങ്ങള്‍ ശാസ്ത്രീയമല്ലെന്നും സുരക്ഷയെ ബാധിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. അമിത പ്രകാശമുള്ള ലൈറ്റുകള്‍ എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴയില്‍ ആറ് മെഡിക്കല്‍ വിദ്യാർത്ഥികള്‍ മരിക്കാനിടയായ അപകടം ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു. അമിത പ്രകാശമുള്ള ലൈറ്റ് കണ്ണിലടിച്ചപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പത്തിലാണ് വിദ്യാർത്ഥികള്‍ സഞ്ചരിച്ചിരുന്ന വണ്ടി ബസിലിടിച്ചത്. ഇത്തരം ദുരന്തങ്ങള്‍ മറന്നുപോകരുതെന്ന് ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു.
‘ലിബറല്‍ സമീപനം നേരത്തെ തന്നെയുണ്ട്’
വാഹനത്തിന്റെ ഘടനയെ ബാധിക്കാത്ത മാറ്റങ്ങള്‍ വരുത്തുന്നതിനോട് സർക്കാർ എതിരല്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. അപകടകരമല്ലാത്ത മാറ്റങ്ങള്‍ അനുവദിക്കണമെന്ന് താൻ നേരത്തെ തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വലിയ ശബ്ദമുണ്ടാക്കുന്ന സൈലൻസറുകളും കോടതി വിലക്കിയ ലൈറ്റുകളും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹന മോഡിഫിക്കേഷൻ വിഷയം ഒരു തിരഞ്ഞെടുപ്പ് ആയുധമാക്കുന്നതിലെ പ്രായോഗികതയെ ചോദ്യം ചെയ്തുകൊണ്ടാണ് ഗണേഷ് കുമാർ വി ഡി സതീശനെതിരെ ആഞ്ഞടിച്ചത്.

