ഹൈദരാബാദ്: അത്താഴത്തിന് ചിക്കൻ പാകം ചെയ്തില്ലെന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കില്‍ ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ. കാമറെഡ്ഡിയില്‍ ഗോസാങ്കി കോളനിയിലെ കൊടാണ്ടം ശിവജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം
വാങ്ങിച്ചുനല്‍കിയ ചിക്കൻ പാകം ചെയ്യാത്തതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അത്താഴത്തിന് ചിക്കൻ വിളമ്പാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. ബഹളം കേട്ട് തൊട്ടപ്പുറത്ത് കഴിയുകയായിരുന്ന ബന്ധുക്കള്‍ ഇരുവരെയും പിടിച്ചുമാറ്റി അല്പ്പനേരത്തേക്ക് ശാന്തരാക്കിയെങ്കിലും അവർ പോയതിന് പിന്നാലെ തർക്കം വീണ്ടും തുടങ്ങി. ചിക്കൻ കറി തയ്യാറാക്കാത്തതിനൊപ്പം മറ്റ് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി ശിവജി ഭാര്യ ലക്ഷ്മിയെ രൂക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരുടേയും വാഗ്വാദങ്ങള്‍ ഉച്ചത്തിലായതോടെ വീണ്ടും ബന്ധുക്കള്‍ ഇടപെട്ടെങ്കിലും തർക്കം മതിയാക്കാൻ അവർ കൂട്ടാക്കിയില്ല. ഇതിനിടെ, കയ്യില്‍ കിട്ടിയ അരിവാളെടുത്ത് ലക്ഷ്മി ശിവജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി മുറിവേറ്റ ശിവജി ഉടൻ തറയില്‍ വീണു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ശിവജി തല്‍ക്ഷണം മരിക്കുകയും ചെയ്തു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിലുണ്ടായ മുറിവില്‍ നിന്ന് ധാരാളം രക്തം വാർന്നുപോയതാണ് മരണകാരണമെന്ന് കാമറെഡ്ഡി ഇൻസ്പെക്ടർ ബി. നാരഹരി പറഞ്ഞു.
ആറ് വർഷങ്ങള്‍ക്ക് മുൻപ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളുണ്ടെന്ന് ശിവജിയുടെ മൂത്ത സഹോദരൻ സുരി അറിയിച്ചു. സുരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും തമ്മില്‍ വിവാഹത്തിന് ശേഷം പലപ്പോഴായി പ്രശ്നങ്ങളുണ്ടായിരുന്നെന്നും തങ്ങള്‍ ഇടപെട്ട് പരിഹരിക്കാറുണ്ടെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയാതയാണ് വിവരം.

