തിരുവനന്തപുരം:കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 10-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമദ്ധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low Pressure Area) നിലനിൽക്കുകയാണ്.
ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തുടർന്നുള്ള 48 മണിക്കൂറിൽ ഇത് പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിന് പുറമെ, കന്യാകുമാരി കടൽ പ്രദേശത്തിനുമുകളിൽ ഒരു ചക്രവാത ചുഴിയും, മദ്ധ്യ കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനുമുകളിൽ മറ്റൊരു ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ജനുവരി 9, 10 തീയതികളിൽ കേരളത്തിൽ നേരിയ മുതൽ ഇടത്തരം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ജനുവരി 10-ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും, മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അറിയിച്ചു.


