മുംബൈ: സൂപ്പർ എട്ടിലെ നിർണ്ണായക മത്സരത്തിൽ സിംബാവയെ തകർത്ത് തരിപ്പണമാക്കി വെസ്റ്റ് ഇൻഡീസ് തേരോട്ടം. ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോർ കണ്ടെത്തിയ വെസ്റ്റ് ഇൻഡീസ് 107 റണ്ണിന്റെ വൻ വിജയമാണ് നേടിയത്. വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടമാക്കി 254 റൺ നേടിയപ്പോൾ, സിംബാവെ 17.4 ഓവറിൽ 147 ന് എല്ലാവരും പുറത്തായി. ടോസ് നേടിയ സിംബാവെ വെസ്റ്റ് ഇൻഡീസിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. 54 റൺ എടുക്കുന്നതിനിടെ വെസ്റ്റ് ഇൻഡീസിന്റെ രണ്ട് വിക്കറ്റുകൾ പിഴുത സിംബാവേ പ്രതീക്ഷ നൽകിയെങ്കിലും ഹിറ്റ്‌മേറുടെ വൻ ഹിറ്റുകൾ സിംബാവെ പ്രതീക്ഷകൾ തച്ചു തകർത്തു. രണ്ട് ക്യാച്ചുകൾ താഴെയിട്ട് ഹിറ്റ്‌മേറുടെ തേരോട്ടത്തിന് സഹായം ചെയ്ത ഫീൽഡർമാർ കൂടി സഹായിച്ചതോടെ 34 പന്തിൽ ഏഴു വീതം സിക്‌സും ഫോറും പറത്തി ഹിറ്റ്‌മേർ 85 റണ്ണാണ് അടിച്ചു കൂട്ടിയത്. റോമാൻ പവൽ (59), റൂതർ ഫോർഡ് (31), ഷെപ്പേർഡ് (21) എന്നിവരും കൂറ്റൻ സ്‌കോറിൽ തങ്ങളുട സംഭാവന നൽകി.
മറുപടി ബാറ്റിംങിന് ഇറങ്ങിയ സിംബാവയെ ആദ്യം മുതൽ തന്നെ വെസ്റ്റ് ഇൻഡീസ് പിടിച്ചു കെട്ടി. 20 റൺ എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണ സിംബാവേ ഒരു ഘട്ടത്തിലും പൊരുതാനുള്ള പ്രതീക്ഷ പോലും നൽകിയില്ല. 52 ന് നാല്, 94 ന് ആറ്, 101 ന് എഴ് , 102 ന് എട്ട് 103 ന് ഒൻപത് എന്ന നിലയിൽ ക്രമാനുഗതമായി സിംബാവേ വിക്കറ്റുകൾ കടപുഴകി. അവസാന വിക്കറ്റിൽ 21 പന്തിൽ 43 റൺ അടിച്ച ബ്രാൻഡ് ഇവാൻസിന്റെ ഇടപെടലാണ് തോൽവിയുടെ ഭാരം കുറച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിംബാവയക്കെതിരെ വെസ്റ്റ് ഇൻഡീസിന്റെ വൻ വിജയത്തോടെ ഇന്ത്യയുടെ സാധ്യതയും തുലാസിലായി. ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചാലും വൻ റൺ റേറ്റും, മറ്റ് മത്സരങ്ങളുടെ ഫലവും ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി സാധ്യതകൾ. 5.350 റൺ റേറ്റും രണ്ട് പോയിന്റുമായി വെസ്റ്റ് ഇൻഡീസാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 3.800 റൺ റേറ്റുള്ള സൗത്ത് ആഫ്രിക്ക രണ്ടാമതുമുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് നെഗറ്റീവ് റൺ റേറ്റാണ് ഉള്ളത്. ഒരു പോയിന്റ് പോലും കയ്യിലില്ല താനും. വെസ്റ്റ് ഇൻഡീസിനോടും, സിംബാവയോടും വൻ മാർജിനിലുള്ള വിജയം ലഭിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് സെമികാണാതെ മടങ്ങേണ്ടി വരും.


