തിരുവനന്തപുരം :പേരൂർക്കട എസ്എപി ക്യാംപിൽ ജീവനൊടുക്കിയ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഗുരുതര ആരോപണവുമായി രംഗത്ത്. മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത അധിക്ഷേപവും മാനസിക പീഡനവും നേരിട്ടതിനാലാണ് യുവാവായ ആനന്ദ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.കുറ്റക്കാരെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി. വിതുര കരിപ്പാലം അരവിന്ദ് ഭവനിലെ ആനന്ദിനെ എസ്എപി ക്യാംപിലെ ബാരക്കിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ട് ദിവസം മുമ്പ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ജീവനൊടുക്കിയത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണു കുടുംബത്തിന്റെ ആരോപണം.ഹവിൽദാർമാർ ആനന്ദിനോട് മോശമായി പെരുമാറിയെന്നു ക്യാംപിലെ തന്നെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. പരിശീലനത്തിനിടയിലെ കടുത്ത ശിക്ഷകളും സഹപ്രവർത്തകരുടെ പരിഹാസവുമാണ് ആനന്ദിനെ തളർത്തിയതെന്നു സഹപ്രവർത്തകർ പറയുന്നു.
പേരൂർക്കട എസ്എപി ക്യാംപിൽ ട്രെയിനിയുടെ ആത്മഹത്യ; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം


