വാഷിംഗ്ടൺ:യുഎസ് സംസ്ഥാനമായ ടെക്സാസിൽ സ്ഥാപിച്ച 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയെക്കുറിച്ച് റിപ്പബ്ളിക്കൻ പാർട്ടി നേതാവിന്റെ പരാമർശം വിവാദമാകുന്നു. ടെക്സാസിലെ ഷുഗർ ലാൻഡിൽ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ‘സ്റ്റാച്യു ഓഫ് യൂണിയൻ’ എന്ന പേരിൽ അറിയപ്പെടുന്ന പ്രതിമയെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടി നേതാവ് അലക്സാണ്ടർ ഡങ്കൻ വിമർശനം ഉന്നയിച്ചത്.“നമ്മൾ ക്രിസ്ത്യൻ രാഷ്ട്രമാണ്. എന്നാൽ ഇവിടെ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ സ്ഥാപിക്കാൻ എന്തിനാണ് അനുവദിക്കുന്നത്?”-എന്നാണ് ഡങ്കൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.പ്രതിമയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
“ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് പാടില്ല; ഭൂമിയിലോ സ്വർഗത്തിലോ സമുദ്രത്തിലോ വിഗ്രഹം ഉണ്ടാക്കരുത്” എന്ന ബൈബിള് വചനവും അദ്ദേഹം ഉദ്ധരിച്ചു.2024ൽ ശ്രീ ചിന്നാജീയർ സ്വാമിജിയാണ് ഈ പ്രതിമ അനാച്ഛാദനം നടത്തിയത്. യുഎസിലെ മൂന്നാമത്തെ ഉയരമുള്ള പ്രതിമയാണിത്.എന്നാൽ റിപ്പബ്ളിക്കൻ നേതാവിന്റെ പരാമർശം കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചത്. “ഹിന്ദു വിരുദ്ധവും സംഘർഷം വിതയ്ക്കുന്നതുമായ പ്രസ്താവനയാണിത്” എന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) പ്രതികരിച്ചു. വിഷയത്തിൽ ടെക്സാസ് റിപ്പബ്ളിക്കൻ പാർട്ടി നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.യുഎസ് ഭരണഘടന നൽകിയിട്ടുള്ള മതസ്വാതന്ത്ര്യം എല്ലാവർക്കും ബാധകമാണെന്നും ഏതൊരു മതത്തിലും വിശ്വസിക്കാനുള്ള അവകാശം അടിസ്ഥാനമാണ് എന്നും സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ചൂണ്ടിക്കാട്ടിയത്.


