ഇന്ത്യ ഏഷ്യൻ ചാമ്പ്യൻമാർ..! പാക്കിസ്ഥാന് എതിരെ തിലകം ചാർത്തിയ വിജയം; പച്ചപ്പടയെ തകർത്തത് അഞ്ച് വിക്കറ്റിന്

ദുബായ്: ഏഷ്യാക്കപ്പിൽ പച്ചപ്പടയെ തകർത്ത് വിജയ തിലകമണിഞ്ഞ് ടീം ഇന്ത്യ..! അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. പാക്കിസ്ഥാൻ ഉയർത്തിയ 146 റണ്ണിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്ന് പന്ത് ബാക്കി നിൽക്കെ മറികടന്നു. അഞ്ച് വിക്കറ്റിന്റെ ഉജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏഷ്യാക്കപ്പിൽ ഈ ടൂർണമെന്റിൽ മൂന്നാം തവണയാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തത്.

Advertisements

ടോസ് നേടിയ ഇന്ത്യ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് പാക്കിസ്ഥാന് ഓപ്പണർമാരായ ഫർഹാനും (57), ഫക്കർ സമ്മാനും (46) ചേർന്ന് നൽകിയത്. 9.4 ഓവറിൽ 84 റണ്ണിനാണ് പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത് പോലും. ഓപ്പണർമാരെ രണ്ടു പേരെയും പുറത്താക്കിയ വരുൺ ചക്രവർത്തിയാണ് ഇന്ത്യയ്ക്ക് നിർണ്ണായക ബ്രേക്ക് ത്രൂ നൽകിയത്. 84 ൽ ഫർഹാൻ പോയതിനു പിന്നാലെ പാക്കിസ്ഥാന്റെ തകർച്ചയും തുടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

113 ൽ രണ്ടാം വിക്കറ്റായി സയിം അയൂബ് (14) വീണു. കുൽദീപിനായിരുന്നു ഇക്കുറി വിക്കറ്റ്. ഒരു റൺ കൂടി സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും റണ്ണെടുക്കും മുൻപ് മുഹമ്മദ് ഹാരീസ് പുറത്ത്. അക്‌സർ പട്ടേലിനായിരുന്നു വിക്കറ്റ്. സ്‌കോർ 126 ൽ എത്തിയപ്പോൾ ഫക്കർ സമാനെ വരുൺ വീഴ്ത്തിയതിനു പിന്നാലെ പാക്കിസ്ഥാന്റെ കൂട്ടത്തകർച്ചയും തുടങ്ങി. 131 ൽ ഹുസൈൻ തൽഹത്ത് (1) അക്‌സർ പട്ടേലിന്റെ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകി മടങ്ങി.

രണ്ട് റൺ കൂടി ചേർത്തപ്പോഴേയ്ക്കും ക്യാപ്റ്റൻ സൽമാൻ ആഗ (8) കുൽദീപിന്റെ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകി. ഒരു റൺ മാത്രം സ്‌കോർ ബോർഡിൽ ചേർന്നപ്പോഴേയ്ക്കും ഷഹീൻ ഷാ അഫ്രീദിയെ (0) കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതേ ഓവറിന്റെ അവസാന പന്തിൽ ഫഹീൻ അഷറഫിനെ (0) വീഴ്ത്തിയ കുൽദീപ് പാക്കിസ്ഥാനെ 134 ന് എട്ട് എന്ന നിലയിലേയ്ക്ക് തള്ളി വിട്ടു. ഹാരീസ് റൗഫിനെ (6) ക്ലീൻ ബൗൾഡ് ചെയ്ത് പാക്കിസ്ഥാൻ വിമാനം തകർത്ത ആക്ഷൻ കാട്ടിയ ബുംറ , അവസാനമായി മുഹമ്മദ് നവാസിനെ (6) റിങ്കു സിങ്ങിന്റെ കയ്യിൽ എത്തിച്ച് പാക്ക് ഇന്നിംങ്‌സിന് തിരശീലയിട്ടു.

മറുപടി ബാറ്റിംങിൽ വെടിക്കെട്ട് തുടക്കം പ്രതീക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ച് രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ വെടിക്കെട്ട് വീരൻ അഭിഷേക് ശർമ്മ (5) പുറത്ത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ സൂര്യകുമാർ യാദവിനെ (1) ഷഹീൻ ഷാ അഫ്രീദി പുറത്താക്കിയതോടെ ഇന്ത്യ 10 ന് രണ്ട് എന്ന നിലയിൽ പതറി. ആക്രമിച്ചു കളിക്കാനുള്ള ശ്രമം പാളിയതോടെ ഫഹീൻ അഷറഫിന്റെ പന്തിൽ ഹാരിസ് റൗഫിന് ക്യാച്ച് നൽകി ഗിൽ (12) പുറത്ത്. ഇന്ത്യ 20 ന് മൂന്ന്..! തോൽവി മുന്നിൽ കണ്ട ഇന്ത്യയ്ക്ക് മുന്നിലേയ്ക്ക് മികച്ച കൂട്ടുകെട്ടുമായി സഞ്ജുവും (24) തിലക് വർമ്മയും അവതരിച്ചു. രണ്ടു പേരും ചേർന്ന് നാലാം വിക്കറ്റിൽ 57 റൺ കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. സഞ്ജു പോയതിന് പിന്നാലെ എത്തിയ ശിവം ദുബൈ (33) ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചു. 19 ആം ഓവറിൽ സിക്‌സറിന് പറത്തി ഇന്ത്യയെ വിജയതീരത്ത് എത്തിക്കാനുള്ള ദുബൈയുടെ ശ്രമം പിഴച്ചു. ബൗണ്ടറി ലൈനിൽ ഷഹീൻ ഷാ അഫ്രീദിയ്ക്ക് ക്യാച്ച്. അവസാന ഓവറിന്റെ ആദ്യ പന്തിൽ രണ്ട് ഓടിയ , തിലക് വർമ്മ , രണ്ടാം പന്ത് സിക്‌സറിനു പറത്തി. മൂന്നാം പന്തിൽ സിംഗിൽ ഇട്ട തിലക് വിജയ റൺ എടുക്കാനുള്ള ദൗത്യം റിങ്കു സിങിന് കൈമാറി. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി പറത്തിയ റിങ്കും ഇന്ത്യയ്ക്ക് വിജയവും ഏഷ്യാക്കപ്പും സമ്മാനിച്ചു..! 53 പന്തിൽ നിർണ്ണായകമായ 69 റൺ അടിച്ച തിലക് വർമ്മയാണ് കളിയിലെ ഹീറോ.

Hot Topics

Related Articles