ആലപ്പുഴ:’അനിയാ… ഞങ്ങളെ സഹോദരനെപ്പോലെ കരുതി തിരിച്ചു കയറണം’ അർത്തുങ്കൽ എഎസ്ഐ നസീറിന്റെ ഈ സ്‌നേഹപൂർണമായ വിളിയായിരുന്നു കടലിൽ ആത്മഹത്യയ്ക്കായി ഇറങ്ങിയ യുവാവിന്റെ മനസ്സു മാറ്റിയത്. ഒപ്പം ഓടിയെത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്യാംലാലിന്റെ കരുത്തുറ്റ കൈകളും ചേർന്ന്, ആത്മഹത്യക്ക് ഒരുങ്ങിയ 30 കാരനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.വീട്ടിലെ ചുമരിൽ വിടപറഞ്ഞ കുറിപ്പ് എഴുതിവെച്ചായിരുന്നു യുവാവ് രാത്രിയിൽ 16 കിലോമീറ്റർ നടന്ന് മാരാരിക്കുളം ബീച്ചിലെത്തിയത്. കടലിലേക്ക് ഇറങ്ങിയ നിലയിൽ നിന്നിരുന്ന ഇയാളെ പൊലീസ് സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി.
ഫോൺ വിളിയിൽ നിന്നും തിരച്ചിലിലേക്ക്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
23-ാം തീയതി രാത്രി 11.30ന് ആലപ്പുഴ കൺട്രോൾ റൂമിലേക്ക് യുവാവിന്റെ വിളിയെത്തി. ജീവിതം മടുത്തുവെന്നും ആത്മഹത്യ ചെയ്യാനിരിക്കുകയാണെന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നുമായിരുന്നു സന്ദേശം. പിന്നാലെ ഫോൺ ബന്ധം വിച്ഛേദിച്ചു.വിവരങ്ങൾ ഉടൻ തന്നെ അർത്തുങ്കൽ പൊലീസ് സ്റ്റേഷനിലെ പെട്രോൾ ഡ്യൂട്ടിക്കാർക്ക് കൈമാറി. എഎസ്ഐ നസീറും എഎസ്ഐ ശ്രീവിദ്യയും ഡ്രൈവറായ ശ്യാംലാലും വിവരം എസ്എച്ച്ഒയെ അറിയിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു. ലൊക്കേഷൻ ബീച്ചിന് സമീപം കടലിനോട് ചേർന്നാണ് കാണപ്പെട്ടത്.
മഴയും ഇരുട്ടും നിറഞ്ഞ തിരച്ചിൽ
മാരാരിക്കുളം ബീച്ചിലെത്തിയ പൊലീസ്, യുവാവിനെ കടലിലേക്ക് ഇറങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കനത്ത മഴയും ഇരുട്ടും കാരണം അദ്ദേഹത്തെ തിരിച്ചറിയാനും അടുത്തേക്കെത്താനും ബുദ്ധിമുട്ടുണ്ടായി. പലവട്ടം വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല. ഒടുവിൽ ഫോൺ എടുക്കുമ്പോഴാണ് പൊലീസ് സ്‌നേഹത്തോടെ അനുനയിപ്പിച്ച് തിരികെ വരാൻ ആവശ്യപ്പെട്ടത്.
സഹോദരനെ പോലെ കരുതി കയറണം..
“എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാം, സഹോദരനെ പോലെ കരുതി തിരികെ വരണം” പൊലീസ് ഉറപ്പു നൽകിയതോടെ യുവാവ് വഴങ്ങി. തുടർന്ന് എഎസ്ഐ നസീറും ശ്യാംലാലും ചേർന്ന് കടലിൽ ഇറങ്ങി ഇയാളെ കരയിലേക്കു പിടിച്ചു കയറ്റി.സ്റ്റേഷനിലെത്തിച്ച ശേഷം പ്രശ്‌നങ്ങൾ കേട്ടറിഞ്ഞ പൊലീസ്, ആവശ്യമായ പിന്തുണ നൽകി യുവാവിനെ ബന്ധുക്കൾക്ക് കൈമാറി.


