കൊച്ചി: ഇന്ത്യൻ നാടകപ്രസ്ഥാനത്തിന്റെ പ്രമുഖ പുരസ്കാരങ്ങളായ സഫ്ദർ ഹാഷ്മി പുരസ്കാരവും ബാദൽ സർക്കാർ പുരസ്കാരവും പ്രഖ്യാപിച്ചു. ജോസ് ചിറമ്മേൽ നാടകദ്വീപിന്റെ പ്രഥമ റിമെംബെറെൻസ് ചടങ്ങിന്റെ ഭാഗമായി പുരസ്കാരങ്ങൾ സമർപ്പിക്കുന്നതാണ്.നാടകദ്വീപിന്റെ ക്രിയേറ്റിവ് ഡയറക്ടർ ശശിധരൻ നടുവിൽ, ഇന്ത്യൻ തിയേറ്റർ രംഗത്തെ ശ്രദ്ധേയരായ പ്രബീർ ഗുഹ, സുധൻവാ ദേശ്പാണ്ഡേ, ഡോ. ജീവ എന്നിവർ അടങ്ങുന്ന ജൂറി കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.ജനകീയ കലാസാംസ്കാരിക രംഗത്ത് പുതുമ നിറച്ച സംഭാവനകൾക്ക് നാടകപ്രയോക്താവും ചലച്ചിത്രസംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂരിന് സഫ്ദർ ഹാഷ്മി പുരസ്കാരം പ്രഖ്യാപിച്ചു. സഫ്ദർ ഹാഷ്മിയുടെ “മരണവും ജീവിതവും” എന്ന പുസ്തകത്തിന്റെ മലയാളം വിവർത്തകനുമാണ് അദ്ദേഹം.തമിഴ് നാടക അധ്യാപകനും പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രളയൻ ഷണ്മുഖ സുന്ദരന് ബാദൽ സർക്കാർ പുരസ്കാരം ലഭിച്ചു.ഒക്ടോബർ 26-ന് നാടകദ്വീപിൽ നടക്കുന്ന തിയേറ്റർ ഫെസ്റ്റിന്റെ സമാപന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്. ഫലകവും പ്രശസ്തിപത്രവും 30,000 രൂപ കാഷ് അവാർഡും അടങ്ങുന്ന പുരസ്കാരങ്ങൾ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള, പ്രമുഖ കവി രാവുണ്ണി എന്നിവർ ചേർന്ന് സമ്മാനിക്കും.
സഫ്ദർ ഹാഷ്മി – ബാദൽ സർക്കാർ പുരസ്കാരങ്ങൾ ഡോ. പ്രമോദ് പയ്യന്നൂരിനും പ്രളയൻ ഷണ്മുഖനും


