ശബരിമല തീർഥാടനം:റോഡുകൾ നവീകരിച്ച് സൗകര്യങ്ങൾ ശക്തമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് നിർദേശം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ തീർഥാടകരുടെ സൗകര്യത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ തല യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദേശീയപാത അതോറിറ്റിക്കും വിവിധ വകുപ്പുകൾക്കും വ്യക്തമായ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് റോഡുകളുടെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും പൂർത്തിയാക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ബാരിക്കേഡ് ഇല്ലാത്ത ഇടങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കാനും, അപകട സാധ്യതയുള്ള ഭാഗങ്ങളിൽ റിഫ്‌ലക്ടറുകൾ, റെഡ് ലൈറ്റുകൾ, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കാനും തീരുമാനമായി.മുട്ടം–കള്ളിപ്പാറ റോഡ് ടാറിങ് അടിയന്തരമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന് നിർദേശം നൽകി. സ്ഥിരം അപകട മേഖലകളായ വളഞ്ഞങ്ങാനത്തെ സംബന്ധിച്ച്‌ സംയുക്ത പരിശോധന നടത്തി തുടർനടപടി സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

Advertisements

വിശ്രമ കേന്ദ്രങ്ങളും പാർക്കിങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീർഥാടകർക്ക് വിശ്രമ കേന്ദ്രങ്ങളും വാഹന പാർക്കിങും ഒരുക്കാൻ ആർടിഒ, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ, പോലീസ് എന്നിവർ സ്ഥലസൗകര്യങ്ങൾ പരിശോധിക്കും. വണ്ടിപ്പെരിയാർ, കുമളി, ഏലപ്പാറ, പെരുവന്താനം, പീരുമേട്, കരുണാപുരം, കാഞ്ചിയാർ പഞ്ചായത്തുകളിൽ പാർക്കിങ് ഗ്രൗണ്ടുകൾ സജ്ജമാക്കാനും ഗ്രൗണ്ട് ലഭ്യമല്ലാത്തിടങ്ങളിൽ മറ്റ് സ്ഥലങ്ങൾ കണ്ടെത്താനും തീരുമാനമായി.പഞ്ചായത്തുകൾ തീർഥാടകർക്ക് ശുദ്ധജലം, ടോയ്ലറ്റ്, വേസ്റ്റ് ബിന്നുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് യോഗം നിർദേശിച്ചു.

ഗതാഗത നിയന്ത്രണം

ദേശീയപാതയിലെ ട്രാഫിക് ലൈനുകൾ പുതുക്കി മാർക്ക് ചെയ്യാനും, തിരക്ക് കൂടുന്ന കുമളി, വണ്ടിപ്പെരിയാർ, ഏലപ്പാറ, കട്ടപ്പന മേഖലകളിൽ കൂടുതൽ ട്രാഫിക് പോലീസ് വിന്യസിക്കാനും നടപടി സ്വീകരിക്കും. തിരക്ക് കൂടുമ്പോൾ വൺവേ സംവിധാനം നടപ്പാക്കാനും ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.തീർഥാടകരുടെ പരിശോധന പോലീസും വനം വകുപ്പും ചേർന്ന് നടത്തും. ദീർഘനേരം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാനും പോലീസ് വകുപ്പിന് നിർദേശം നൽകി.

കാനനപാതയും അടിസ്ഥാന സൗകര്യങ്ങളും

കാനനപാത വൃത്തിയാക്കുകയും മരങ്ങൾ മുറിച്ച് മാറ്റുകയും ചെയ്യാൻ വനം വകുപ്പ് നടപടി സ്വീകരിക്കും. കഴുതക്കുഴി–സന്നിധാനം പാതയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനും, സത്രത്തിലെ ടോയ്ലറ്റുകൾ ലേലം ചെയ്ത് തീർഥാടകർക്ക് തുറന്ന് നൽകാനും ദേവസ്വം ബോർഡിനോട് നിർദേശം നൽകി.മകരവിളക്കിനോട് അനുബന്ധിച്ച് ഉപ്പുതറ–കോഴിക്കാനം പാതയിലെ 15 പോയിന്റുകളിലും, പാഞ്ചാലിമേട്, പരുന്തുംപാറ, മ്ലാപ്പാറ മേഖലകളിലും ജലലഭ്യത ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.

സുരക്ഷയും ആരോഗ്യവും

എക്‌സൈസ് വകുപ്പ് ഇടത്താവളങ്ങളിലും ചെക്ക്‌പോസ്റ്റുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക ടീമുകൾ നിയോഗിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അളവ്, വില എന്നിവ പരിശോധിക്കാൻ റവന്യു, സിവിൽ സപ്ലൈസ്, ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്ത സ്ക്വാഡ് രൂപീകരിക്കും. വില ഏകീകരിച്ച് വിലപട്ടിക ആറു ഭാഷകളിൽ പ്രസിദ്ധീകരിക്കാനും തീരുമാനമായി.

ആരോഗ്യവകുപ്പ് തീർഥാടന പാത, ഇടത്താവളങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. മഞ്ജുമല വില്ലേജിൽ കൺട്രോൾ റൂമുകളും, കുമളിയിൽ ഫെസിലിറ്റി സെന്ററും ആരംഭിക്കും. ആവശ്യാനുസരണം കെഎസ്‌ആർടിസി പ്രത്യേക സർവീസുകളും നടത്തും.

Hot Topics

Related Articles