പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ഉദ്ഘാടനം ബഹിഷ്കരിച്ചു യു.ഡി.എഫ്

പന്തളം : നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെയും വേണ്ട സാങ്കേതിക അനുമതിയില്ലാതെയും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഉദ്ഘാടന മാമാങ്കം നടത്തിയതിൽ പ്രതിഷേധിച്ചു കൊണ്ട് യു.ഡി.എഫ് നേതാക്കളും കൗൺസിലർമാരും ഉദ്ഘാടന സമ്മേളനം ബഹിഷ്കരിച്ചു . പ്രൈവറ്റ് ബസ് സ്റ്റാൻ്റിനായി ഒരുക്കിയ സ്ഥലത്തുള്ള ശൗചാലയം കെ.എസ്.ആർ.റ്റി.സിക്കു വേണ്ടി മുമ്പു ജില്ലാ പഞ്ചായത്തു നിർമ്മിച്ചതും കാത്തിരുപ്പു കേന്ദ്രം പഞ്ചായത്ത് വകമത്സ്യ മാർക്കറ്റ് സ്റ്റാളുകളും ആണ് . സർക്കാർ നൽകിയ പദ്ധതി പണത്തിൽ മുക്കാൽ പങ്കും നഷ്ടപ്പെടുത്തിയും തനതു ഫണ്ട് അനാവശ്യമായി ധൂർത്തടിച്ചും അഴിമതിയുടെ വിളനിലമായി മാറിയും ഭരണകക്ഷിയിലെ അംഗങ്ങൾ തമ്മിലടിച്ചും ലോക കുപ്രസിദ്ധി നേടിയ പന്തളത്തെ ബി ജെ പി ഭരണ സമിതി , സാക്ഷാൽ ശ്രീ അയ്യപ്പസന്നിധിയിൽ ശൗചാലയം നിർമ്മിച്ചതിൻ്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതി നടത്തുകയും കഴിഞ്ഞ അഞ്ചു വർഷമായി മറ്റൊന്നും ചെയ്യാത്തതിൻ്റെ ജാള്യത മറയ്ക്കാനാണ് നിർമ്മാണം പൂർത്തിയാക്കാതെയും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാതെയും ആർ.ടി.ഒ യുടെ പോലും അനുമതി ഇല്ലാതെയും ഉദ്ഘാടന മാമാങ്കം നടത്തുന്നതെന്നും , പന്തളം നഗരസഭ ഓഫീസിലെ ശുചി മുറി മാലിന്യ ടാങ്ക് പൊട്ടി ദുർഗന്ധം വമിക്കുന്ന വെള്ളം നഗരസഭാ , കെ.എസ്.ഇ.ബി റോഡിലൂടെ പന്തളം ടൗണിലേക്ക് ഒഴികിയിട്ടും ദുർഗന്ധം മൂലം മൂക്കുപൊത്തി ജോലി ചെയ്യേണ്ട സ്ഥിതിയാണ് നഗരസഭാ ഉദ്യോഗസ്ഥർക്കും നഗരസഭയിലെത്തുന്ന പൊതുജനങ്ങൾക്കുമെന്നും , ഇതൊക്കെ കണ്ട് ഭരണക്കാർ രസിക്കുമ്പോഴാണ് ഉദ്ഘാടന മാമാങ്കവുമായി നടക്കുന്നത് എന്നും യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ , കൗൺസിലർമാരായ പന്തളം മഹേഷ് , സുനിതാ വേണു , രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ പന്തളത്ത് ജനങ്ങളെ കബളിപ്പിക്കുവാനുള്ള ബിജെപി ഭരണസമിതിയുടെ പ്രവർത്തനങ്ങളെ പൊതുജനങ്ങളുടെ മുൻപിൽ തുറന്നു കാണിക്കും എന്നും കോൺഗ്രസ് കൗൺസിലർമാർ അഭിപ്രായപ്പെട്ടു.

Advertisements

Hot Topics

Related Articles