ന്യൂഡൽഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വില പുതുക്കി. നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ (19 കിലോ) നിരക്ക് 15 മുതല്‍ 15.5 രൂപവരെ കൂട്ടി.ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,602.5 രൂപ, തിരുവനന്തപുരം 1,623.5 രൂപ, കോഴിക്കോട് 1,634.5 രൂപ എന്നിങ്ങനെയാണ്. കഴിഞ്ഞ ആറുമാസമായി തുടർച്ചയായി കുറവുണ്ടാക്കിയ ശേഷമാണ് പുതിയ മാസാരംഭത്തില്‍ വീണ്ടും വില വര്‍ധിപ്പിച്ചത്. ഈ വര്‍ധനവ് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ചെറുകിട ഭക്ഷണശാലകള്‍ എന്നിവര്‍ക്ക് നേരിട്ട് തിരിച്ചടിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള (14.2 കിലോ) സിലിണ്ടറിന്റെ നിരക്കിൽ മാറ്റമില്ല. നിലവില്‍ തിരുവനന്തപുരം 862 രൂപ, കൊച്ചി 860 രൂപ, കോഴിക്കോട് 861.5 രൂപ എന്നിങ്ങനെയാണ് വില. ഗാർഹിക എല്‍പിജി സിലിണ്ടറിന്റെ വില അവസാനം പരിഷ്‌കരിച്ചത് കഴിഞ്ഞ വര്‍ഷം മാർച്ച് 8-നായിരുന്നു. വനിതാദിനത്തോടനുബന്ധിച്ച് 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.പാചകവാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയും പരിഷ്‌കരിക്കുന്നതാണ് പതിവ്. അന്താരാഷ്ട്ര എണ്ണവില, നികുതി, വിതരണ ആവശ്യകതാ ഘടകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ എണ്ണ കമ്പനികൾ നിരക്കുകള്‍ മാറ്റുന്നത്.


