ഡാളസ് (അമേരിക്ക): അമേരിക്കയിലെ ഡാളസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (29) ആണ് മരിച്ചത്. ഡാളസിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട്ട്-ടൈം ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി അജ്ഞാതന്റെ വെടിയേറ്റാണ് മരണം സംഭവിച്ചത്.ബിഡിഎസ് പഠനം പൂർത്തിയാക്കിയ ശേഷം 2023-ൽ ഉപരിപഠനത്തിനായി യുഎസിലേക്കാണ് ചന്ദ്രശേഖർ പോയത്. ആറുമാസം മുൻപ് പിജി പഠനം പൂർത്തിയാക്കി, മുഴുവൻ സമയ ജോലിക്കായുള്ള ശ്രമത്തിലായിരുന്നു യുവാവ്.മരണത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമായ മേൽനടപടികൾ സ്വീകരിക്കുന്നുവെന്നും കോൺസുലേറ്റ് പ്രസ്താവനയിൽ അറിയിച്ചു. അക്രമിക്കായി പ്രാദേശിക പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണെന്നും, കോൺസുലേറ്റ് നിരന്തരം വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ചന്ദ്രശേഖറിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു. “മകന്റെ വിയോഗം താങ്ങാൻ കുടുംബത്തിന് ശക്തി ലഭിക്കട്ടെ,ആത്മാവിന് ശാന്തി കിട്ടട്ടെ,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ അനുശോചന വാക്കുകൾ. കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് കഴിഞ്ഞ വർഷം ആരംഭിച്ച യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച അക്രമ സംഭവങ്ങളിലൊന്നാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരിയിൽ കണക്ടികട്ടിൽ 26കാരൻ തെലങ്കാന സ്വദേശിയെ അജ്ഞാതൻ വെടിവച്ച് കൊന്നിരുന്നു. കഴിഞ്ഞ മാസം, റൂം മേറ്റിനെ കുത്തിയെന്ന ആരോപണത്തെ തുടർന്ന് മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസ് പൊലീസ് വെടിവച്ച് കൊന്നതും ശ്രദ്ധേയമായിരുന്നു.രാത്രി വൈകിയും അപകട മേഖലകളിലും ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വിവിധ സംഘടനകളും വിദ്യാർത്ഥി കൂട്ടായ്മകളും ആവശ്യപ്പെട്ടിട്ടുണ്ട്.


