തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനായി ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺസ്ട്രക്ഷന് 3 കോടി രൂപ കൈമാറിയത് ദേവസ്വം ഫണ്ടിൽ നിന്നുള്ള പണമാണ് എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.ദേവസ്വം അക്കൗണ്ട്സ് ഓഫീസറുടെ പേരിൽ പ്രത്യേക സേവിങ്സ് അക്കൗണ്ട് ആരംഭിച്ചിരുന്നു. ഈ അക്കൗണ്ടിലേക്കാണ് പണം എത്തിച്ചതെന്നും, അവിടെ നിന്നാണ് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് തുക കൈമാറിയതെന്നും ബോർഡിന്റെ പ്രാഥമിക വിശദീകരണത്തിൽ പറയുന്നു.
ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ “റിലീജിയസ് കൺവൻഷൻ ആൻഡ് ഡിസ്കോഴ്സസ്” എന്ന ശീർഷകത്തിൽ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം പ്രത്യേകം സമാഹരിക്കുന്നുണ്ട്. ക്ഷേത്രങ്ങളുടെ നിത്യച്ചെലവുകൾ, നവീകരണം, മരാമത്ത് പ്രവൃത്തികൾ, മതസമ്മേളനങ്ങൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. ഈ ഫണ്ടിൽ നിന്നാണ് താൽക്കാലിക ക്രമീകരണമായി 3 കോടി രൂപ കൈമാറിയത് എന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.സ്പോൺസർമാരുടെ പണം അക്കൗണ്ടിലേക്കെത്തുന്ന മുറയ്ക്ക് തുക തിരികെ വയ്ക്കുമെന്നും ബോർഡ് അറിയിച്ചു. എന്നാൽ, ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഈ നടപടിയെടുത്തതിനാൽ ദേവസ്വം ബോർഡിന് കോടതിയിൽ വിശദീകരണം നൽകേണ്ടി വരും.ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിന് ഉപയോഗിക്കില്ലെന്നായിരുന്നു നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇപ്പോഴിതിന്റെ മറവിൽ 3 കോടി രൂപ ഫണ്ടിൽ നിന്നു വിനിയോഗിച്ചതോടെ പുതിയ വിവാദമാണ് ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയ്യപ്പസംഗമം കഴിഞ്ഞ് 45 ദിവസത്തിനകം കണക്കുകൾ സമർപ്പിക്കണമെന്നതാണ് കോടതിയുടെ നിർദേശം. ഇതിനു മുമ്പായി സ്പോൺസർമാരുടെ പണം ലഭിക്കുമെന്നും, ഫണ്ടിലേക്കുള്ള തുക തിരിച്ചുനൽകാനാകുമെന്നുമാണ് ബോർഡിന്റെ കണക്കുകൂട്ടൽ.അതേസമയം, ബാങ്കിലെ നിക്ഷേപത്തിൽ നിന്നു 3 കോടി പിൻവലിച്ചതിനാൽ പലിശ വരുമാനത്തിൽ നഷ്ടമുണ്ടാകുമെന്നത് ബോർഡിന് ആശങ്കയായി. ഈ തുക ഉപയോഗിച്ച് കുമരകത്ത് വൻകിട ഹോട്ടലുകളിൽ ഡെലിഗേറ്റുകൾക്കായി മുറികൾ ബുക്ക് ചെയ്തതായും രേഖകൾ പുറത്തുവന്നു.ജർമ്മൻ മോഡൽ പന്തൽ നിർമ്മാണം ഉൾപ്പെടെ 8.2 കോടി രൂപയുടെ ധാരണാപത്രം ദേവസ്വം ബോർഡും ഇവന്റ് മാനേജ്മെന്റ് സ്ഥാപനവും തമ്മിൽ ഒപ്പുവെച്ചിരുന്നു.

