കൊച്ചി: ക്ഷേത്രനിർമിതികളിലെ കൊടിമരം, മേൽക്കൂര, താഴികക്കുടം, ശിൽപങ്ങൾ തുടങ്ങി പല ഭാഗങ്ങളിലും തിളക്കം പകരുന്ന സ്വർണപ്പാളി പൊതിയൽ അതീവ വൈദഗ്ധ്യവും സഹനശക്തിയും ആവശ്യമായ കുലത്തൊഴിലാണ്. ഗുജറാത്തിലെയും തമിഴ്നാട്ടിലെയും ചിലർ ഈ ജോലിയെ പാരമ്പര്യമായി തുടരുന്നു.നിർമിതികൾക്കുള്ള തടി തയ്യാറാക്കുന്നതു മുതൽ ആചാരപരമായ ചടങ്ങുകൾക്കൊപ്പം ആരംഭിക്കുന്ന ഈ പ്രക്രിയയിൽ, തടി നിശ്ചിത ദിവസങ്ങൾ ഔഷധക്കൂട്ടുള്ള എണ്ണത്തോണിയിൽ സൂക്ഷിച്ച ശേഷം ചെമ്പോ വെള്ളിയോ തകിടുകൾ കൊണ്ട് പൊതിയുന്നു. അതിനുമുകളിലാണ് സ്വർണപ്പാളി അണിയിക്കുന്നത്.24 കാരറ്റ് സ്വർണക്കട്ടികളെ (തങ്കം) ചെറുതായി മുറിച്ച്, ഉണക്കിയ ഒട്ടകത്തോലിന്മേൽ വെച്ച് പ്രത്യേകതര ചുറ്റികകൊണ്ട് അടിച്ചു പരത്തിയാണ് സ്വർണപ്പാളികൾ രൂപപ്പെടുത്തുന്നത്.
തലനാരിഴയോളം കനമുള്ള ഈ പാളികൾ ഉണ്ടാക്കുമ്പോൾ അല്പം അധികശക്തി പ്രയോഗിച്ചാലും സ്വർണം പൊടിയായി ‘തങ്കഭസ്മ’മാകാം’ അതിനാൽ അതീവ ജാഗ്രത ആവശ്യമാണ്.ഏകദേശം ഒൻപത് ചതുരശ്ര ഇഞ്ച് വലുപ്പമുള്ള പാളികളാണ് തയ്യാറാക്കുന്നത്. പുതിയ നോട്ട്ബുക്കുകളുടെ താളുകൾക്കിടയിലാണ് ഇവ സൂക്ഷിക്കുന്നത്. പിന്നീട്, ക്ഷേത്രനിർമിതികളുടെ ഉപരിതലങ്ങളിൽ അമാൽഗമേഷൻ പ്രക്രിയയിലൂടെ ഈ പാളികൾ പൊതിഞ്ഞു പിടിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച തിളക്കം ലഭിക്കാൻ പലതവണ പാളികൾ ഒന്നിനുമുകളിലൊന്ന് ഉറപ്പിച്ച് പൊതിയേണ്ടതുണ്ട്.വെള്ളിത്തകിടുകൾക്കുമുകളിൽ സ്വർണം പൊതിയുമ്പോൾ, വെള്ളിയുടെ നിറം മറയ്ക്കാനായി കൂടുതൽ പാളികൾ ചേർക്കേണ്ടി വരും. അതിനാൽ സ്വർണം പൊതിയൽ തൊഴിൽ, അതിന്റെ സൗന്ദര്യവും ദൈവികതയും നിലനിർത്തുന്ന, അപാരമായ ശ്രദ്ധയും വൈദഗ്ധ്യവും ആവശ്യപ്പെടുന്ന പാരമ്പര്യകലയായി തുടരുന്നു.

