പൊൻകുന്നം : പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെ.എസ് ആർ ടി സി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീണു.
പൊൻകുന്നം കെ.എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫാണ് ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചാണ് സംഭവം. സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയായിരുന്നു എന്ന് ജയ് മോൻ പറഞ്ഞു. പ്രഷറിനും, ഷുഗറിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിന് മുൻപിൽ സൂക്ഷിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസിൻ്റെ മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് കാലികുപ്പികൾ കണ്ടെത്തിയതോടെ മന്ത്രി കെ.ബി ഗണേഷ് കുമാർ തന്നെ നേരിട്ട് ജയ്മോനടക്കം 3 പേർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.തുടർന്ന് ഉത്തരവാദികളായ 3 പേരെയും സ്ഥലം മാറ്റി ഉത്തരവായിരുന്നു. പിന്നീട് ഇത് മരവിപ്പിച്ചതായി നടപടി നേരിട്ടവർ തന്നെ പറയുന്നു.
വീണ്ടും സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവിറങ്ങിയത് അറിഞ്ഞതോടെയാണ് ജയ്മോന് ദേഹാസ്വാസ്ഥ്യമുണ്ടായത്.പുതുക്കാട് ഡിപ്പോയിലേയ്ക്കാണ് ജയ്മോനെ സ്ഥലം മാറ്റിയത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു.


