തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. ചെന്നൈയിലെ സ്മാർട്ട് ക്രീയേഷൻസിൽ സ്വർണം പൂശാനെത്തിച്ചത് പഴയതല്ല, പുതിയ ചെമ്പ് പാളിയാണെന്ന് കമ്പനി സിഇഒ പങ്കജ് ഭണ്ഡാരി മൊഴി നൽകി. സ്വർണം പൊതിഞ്ഞ പാളികളല്ല എത്തിയതെന്നും, കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മൊഴിയിൽ പറയുന്നു.
ദേവസ്വം വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ. ദ്വാരപാലക ശിൽപപാളികൾ ചെന്നൈയിലെത്തും മുൻപ് വിറ്റിരിക്കാമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥരും, ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ഗൂഢാലോചന നടന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വർണ്ണപ്പാളികളെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും ഗൂഢാലോചനയുടെ ഭാഗമായിരിക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ മുദ്രവച്ച കവറിൽ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് സമർപ്പിക്കും.
റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം (SIT) അന്വേഷണം ആരംഭിക്കും. എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ദേവസ്വം വിജിലൻസ് നേരത്തെ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലും 2019-ൽ കൈമാറിയ പാളിയും ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുപോയ പാളികളും വ്യത്യസ്തമാണെന്ന് കണ്ടെത്തിയിരുന്നു. 2019-ൽ പോറ്റിക്ക് കൈമാറിയത് സ്വർണ്ണപ്പാളി തന്നെയാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.


