താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ വിപിൻ ആശുപത്രി വിട്ടു

കോഴിക്കോട് :താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് രോഗിയുടെ പിതാവ് വെട്ടി പരിക്കേൽപ്പിച്ച ഡോക്ടർ വിപിൻ (35) ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു ആക്രമണം. താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ വീട്ടിൽ സനൂപ് (40) ആണ് കൊടുവാളുമായി ആശുപത്രിയിൽ കയറി ഡോക്ടർ വിപിനെ വെട്ടിയത്. സനൂപിന്റെ മകൾ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ മരിച്ചിരുന്നു. കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് പ്രതികാരാഭാവത്തിൽ നിന്നാണ് സനൂപ് ആക്രമണം നടത്തിയത്.

Advertisements

സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗിൽ ഒളിപ്പിച്ച വാളുമായി ആശുപത്രിയിലെത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സൂപ്രണ്ട് അന്ന് മീറ്റിംഗിലായിരുന്നതിനാൽ രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ എത്തിയ ഡോക്ടർ വിപിനെയാണ് ലക്ഷ്യമാക്കിയതെന്ന് പൊലീസ് പറഞ്ഞു.സൂപ്രണ്ടിന്റെ ഓഫീസിൽ ലാബ് റിപ്പോർട്ട് പരിശോധിച്ചുകൊണ്ടിരുന്ന സമയത്താണ് സനൂപിനെ വെട്ടിയത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരുന്നവരുടെ തലയ്ക്ക് മുകളിലൂടെ വാൾ വീശുകയായിരുന്നു. കൂർത്ത അഗ്രഭാഗം തലച്ചോർ ഭാഗം തുളച്ച് കയറുകയായിരുന്നു. പരിക്കേറ്റിട്ടും വിപിൻ തന്നെ പ്രതിയെ തടഞ്ഞു.പിന്നാലെ മറ്റ് ജീവനക്കാരും ഓടിയെത്തി ഇയാളെ കീഴടക്കി പൊലീസിൽ ഏൽപ്പിച്ചു.വിപിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായതിനാൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മുറിവിന് ഏഴ് സെന്റിമീറ്റർ ആഴമുണ്ട്. നാല് തുന്നലാണ് ഇട്ടത്. തലശേരി സ്വദേശിയായ വിപിൻ ഇപ്പോൾ കോഴിക്കോട് താമസിക്കുന്നു.

Hot Topics

Related Articles