പെരുവ :ദയാവധം കാത്ത് കിടക്കുന്ന മിണ്ടാപ്രാണി. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് പുത്തൻപുരയിലെ വിജയൻ നായരുടെ പശുവാണ് കഴിഞ്ഞ ഒരു മാസമായി എഴുന്നേൽക്കാൻ കഴിയാതെ തൊഴുത്തിൽ കിടക്കുന്നത്. കനിവില്ലാതെ ഇൻഷുറൻസ് കമ്പനിയും മിൽമയും കൈയ്യൊഴിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ കർഷകൻ ദുരിതത്തിലായിരിക്കുകയാണ്.കഴിഞ്ഞ മാസം 20നാണ് പശു തളർന്ന് വീണത്. കാരിക്കോട് ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന വിജയൻ മിൽമ വഴിയാണ് പശുവിനെ ഇൻഷുറൻസ് ചെയ്തിരുന്നത്. പശു തളർന്നുവീണ വിവരം മിൽമയിലെ ഡോക്ടർ മുഖാന്തരം മുളക്കുളത്തെ വെറ്റിനറി സർജൻ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചെങ്കിലും ഇതുവരെ അവർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണ് കർഷകന്റെ വേദന.
കഴിഞ്ഞ മാസം 13നാണ് പശുവിന്റെ ഒരു കാലിന് വേദന അനുഭവപ്പെട്ട് ഉയർന്ന് നിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. തുടർന്ന് മിൽമയുടെ ഡോക്ടർ ചികിത്സ നടത്തിയെങ്കിലും അവസ്ഥ വഷളായി പശു തളർന്ന് വീണു. പ്രസവശേഷം പ്രതിദിനം 27 ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവാണിത്. തളർന്നുവീഴുമ്പോഴും 11 ലിറ്റർ പാൽ ലഭിച്ചിരുന്നു. പശുവാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗം. തൊഴുത്തിൽ കിടക്കുന്ന പശുവിനെ നോക്കി നിരാശയോടെ നിൽക്കുകയാണ് കുടുംബം. കിടക്കുന്ന പശുവിന്റെ കാരണത്താൽ മറ്റൊരു പശുവിനെ കെട്ടാനും പറ്റാത്ത അവസ്ഥയാണെന്നും, ഇൻഷുറൻസ് കമ്പനിയുടെയും ക്ഷീരസംഘത്തിന്റെയും അനാസ്ഥയാണ് താനിപ്പോൾ നേരിടുന്ന വലിയ ദുഃഖമെന്നും വിജയൻ നായർ പറഞ്ഞു.


