ഏഴ് വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സംസ്ഥാന സ്കൂൾ കായികമേളയിൽ ഡിസ്കസ് ത്രോയിൽ സോനാ മോഹന്റെ പൊൻതിളക്കം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ റെക്കോർഡുകൾ പിറക്കുന്ന നിമിഷങ്ങളിൽ, ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡിന്റെ സോന മോഹൻ പുത്തൻ നേട്ടം കുറിച്ചു. ഏഴ് വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് സ്വർണം സ്വന്തമാക്കിയാണ് സോനയുടെ ഉജ്ജ്വല വിജയം.തൃശ്ശൂർ സ്വദേശിനിയായ അതുല്യ 37.73 മീറ്റർ ദൂരത്തിലാണ് ഏഴ് വർഷം മുൻപ് റെക്കോർഡ് കുറിച്ചത്. അത് തിരുത്തി 38.64 മീറ്റർ ദൂരം കണ്ടെത്തിയാണ് ചെറുവത്തൂർ സ്വദേശിനിയായ സോന മോഹൻ പുതിയ റെക്കോർഡ് സൃഷ്ടിച്ചത്.കാസർഗോഡ് കുട്ടമത്ത് ജി.എച്ച്.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിനിയായ സോന, കോച്ച് ഗിരീഷ് കെ.സി യുടെ പരിശീലനത്തിലൂടെയാണ് മികവ് തെളിയിച്ചത്.

Advertisements

ഓട്ടോ തൊഴിലാളിയായ പി.പി. മോഹനൻ, റ്റി. സൗമ്യ ദമ്പതികളുടെ മൂത്ത മകളാണ് സോന. കഴിഞ്ഞ വർഷം സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു സോനാ.ജൂനിയർ ഡിസ്കസ് ത്രോയിൽ മലപ്പുറം സിഎച്ച്.എം.കെ.എം.എച്ച്.എസ് കവനൂരിന്റെ ദിയ കൃഷ്ണ വെള്ളിയും, മലപ്പുറം മുക്കുതല സിഎൻജിഎച്ച്എസ്എസിലെ ടി.വി. തുഷാര വെങ്കലവും സ്വന്തമാക്കി. ദിയ 31.49 മീറ്റർ ദൂരമാണ് കണ്ടെത്തിയത്.സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കോഴിക്കോടിന് വേണ്ടി ഡെന ഡോൺ സ്വർണം നേടി. പുല്ലുംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ഡെന, കഴിഞ്ഞ നാല് വർഷമായി സംസ്ഥാന സ്‌കൂൾ മീറ്റിൽ പങ്കെടുത്തുവരുന്നു. സ്വർണം നേടുന്നത് ഇത് രണ്ടാം തവണയാണ്. 38.40 മീറ്റർ ദൂരമാണ് ഈ തവണ എറിഞ്ഞത്.പുല്ലുംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ പരിശീലനത്തിലാണ് ഡെന തയ്യാറായത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഡോണി പോളിന്റെ മകളാണ് അവൾ. ഡെനയുടെ ചേച്ചിയായ ഡോണ ഡോൺ, ദേശീയ മീറ്റിലെ ഷോട്ട്‌പുട്ടിൽ സ്വർണം നേടിയിരുന്നു.

Hot Topics

Related Articles