ആലപ്പുഴ :ബൈപാസിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന വൻ ശബ്ദം പ്രദേശവാസികളെ ഭയപ്പെടുത്തുന്നതായി മാറുന്നു.ആലപ്പുഴ ബൈപാസിന്റെ 63-ാം നമ്പർ തൂണിന്റെ മുകളിൽ, രണ്ട് ഗർഡറുകൾ ചേരുന്ന ഭാഗത്താണ് ഉഗ്ര ശബ്ദം കേൾക്കുന്നത്.തൂണിന്റെ മുകളിൽ ഗർഡറുകൾ യോജിപ്പിച്ചിട്ടുള്ള ഭാഗത്ത് കാണുന്ന വിടവിലൂടെ തന്നെയാണ് ശബ്ദം ഉണ്ടാകുന്നത്. സ്വാഭാവികമായുള്ള വിടവാണെങ്കിലും അതിലൂടെ പുറപ്പെടുന്ന ശബ്ദം വളരെ ശക്തമായതിനാൽ പരിസരവാസികൾ രാത്രി പോലും ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
ഒരു മാസത്തിലേറെയായി ശബ്ദം തുടരുകയാണ്. പ്രത്യേകിച്ച് രാത്രിയോടെ നൂറുകണക്കിന് കണ്ടെയ്‌നർ വാഹനങ്ങൾ ബൈപാസിലൂടെ കടന്നുപോകുമ്പോൾ ഈ ശബ്ദം കൂടുതൽ ശക്തമാകുന്നു. “ഉഗ്രശബ്ദം കേട്ട് പലപ്പോഴും വീടിനകത്തും വിറയലുണ്ടാകാറുണ്ട്,” എന്ന് തൂണിന് സമീപമുള്ള കൈതവളപ്പിൽ വീട്ടിൽ താമസിക്കുന്ന കെ.എസ്. വിനോദ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബ്ദം കേട്ട് ഭയന്ന പരിസരവാസികൾ ബൈപാസിന് താഴെയുള്ള റോഡ് ഉപയോഗിക്കുന്നതും മടിക്കുകയാണ്. ആലപ്പുഴ വെസ്റ്റ് വില്ലേജ് ഓഫിസിന്റെ പഴയ കെട്ടിടത്തിന് മുന്നിലുള്ള, റോഡിന്റെ കിഴക്കുവശത്തെ തൂണിലാണ് ഈ പ്രശ്നം.അതേസമയം ശബ്ദമുണ്ടാകുന്നതിന്റെ കാരണം അന്വേഷിക്കാൻ ദേശീയപാത അതോറിറ്റിയുടെ എഞ്ചിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല.


