എറണാകുളം:എറണാകുളം–ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന പരിപാടിയെ തുടർന്ന് യാത്രക്കാരെ വലയ്ക്കുന്ന തരത്തിൽ നിരവധി ട്രെയിനുകൾ പാതിമാർഗത്തിൽ പിടിച്ചിട്ടതിനെതിരെ പ്രതിഷേധം ഉയരുന്നു. ‘ഉദ്ഘാടന മാമാങ്കം’ ഒരുക്കാനായി റെയിൽവേ സാധാരണ സർവീസുകൾ വരെ തടഞ്ഞുവെന്നാരോപിച്ച് യാത്രക്കാരാണ് രോഷം പ്രകടിപ്പിച്ചത്.മംഗലാപുരത്തേക്ക് പോയ ഏറനാട് എക്സ്പ്രസ് ഏകദേശം ഒരു മണിക്കൂറോളം കളമശ്ശേരിയിൽ പിടിച്ചിടുകയായിരുന്നു. അതേസമയം, പാലരുവി എക്സ്പ്രസ് തൃപ്പുണിത്തുറയിലും എറണാകുളം സി-ക്യാബിനിലുമാണ് അരമണിക്കൂറിലേറെ നിർത്തി വെച്ചത്.
കോട്ടയം–എറണാകുളം റൂട്ടിൽ പതിവായി യാത്ര ചെയ്യുന്ന നിരവധി പേരാണ് ഇതുമൂലം ദുരിതത്തിലായത്.പാലരുവി എക്സ്പ്രസ് പിടിച്ചിട്ടതോടെ ആശുപത്രികളിലേക്കും മറ്റു അടിയന്തിര ആവശ്യങ്ങൾക്കുമായി യാത്ര ചെയ്ത രോഗികൾ ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു.രാവിലെ എട്ട് മണിക്ക് ശേഷമാണ് വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചടങ്ങ് നീണ്ടതോടെ മറ്റു ട്രെയിനുകൾ എറണാകുളം നോർത്ത് സമീപ സ്റ്റേഷനുകളിലും ഔട്ടറിലും മണിക്കൂറുകൾ പിടിച്ചിടേണ്ടി വന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 7.27ന് പിറവം റോഡിൽ നിന്ന് പുറപ്പെട്ട പാലരുവി, 7.38ന് മുളന്തുരുത്തിയിലും 7.44ന് തൃപ്പുണിത്തുറയിലും എത്തിയെങ്കിലും അവിടെ നിന്ന് വീണ്ടും നീങ്ങിയത് 8.19നാണ്. തുടർന്ന് എറണാകുളം സി-ക്യാബിനിൽ പിടിച്ച ട്രെയിൻ നോർത്തിൽ എത്തിയപ്പോൾ സമയം 9.07 ആയിരുന്നു.വന്ദേഭാരത് ഉദ്ഘാടനത്തിനായി ഏറനാട് എക്സ്പ്രസ്, തിരുവനന്തപുരം–മുംബൈ പ്രതിവാര എക്സ്പ്രസ് എന്നിവയും ഏറെ നേരം പിടിച്ചിട്ടു. ഇന്ന് ഉദ്ഘാടനം ചെയ്ത വന്ദേഭാരതും, തിരുവനന്തപുരം–കാസർഗോഡ് വന്ദേഭാരതും കടന്നുപോകാനായി 9.04 വരെ ഏറനാട് എക്സ്പ്രസ് കളമശ്ശേരിയിൽ നിർത്തിയിടുകയായിരുന്നു.
എറണാകുളം–ബംഗളൂരു വന്ദേഭാരത് ട്രെയിൻ ഓൺലൈൻ ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. എന്നാൽ ഈ ഉദ്ഘാടന ചടങ്ങ് ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്‌എസ് ഗണഗീതം പാടിപ്പിക്കുന്ന വീഡിയോ ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായത്.ഇന്ന് ഉദ്ഘാടന യാത്ര നടത്തിയെങ്കിലും, ട്രെയിൻ നവംബർ 11 മുതൽ മാത്രമേ സ്ഥിരം സർവീസ് ആരംഭിക്കൂ. തുടക്കത്തിൽ എട്ട് കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനായിരിക്കും ഈ റൂട്ടിൽ ഓടുക.


