ചെന്നൈ :ശ്രദ്ധേയനായ തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. കരൾരോഗ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്ന നടൻ ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചാണ് മരണമടഞ്ഞത്..2002-ൽ പുറത്തിറങ്ങിയ യുവജനചിത്രമായ ‘തുള്ളുവതോ ഇളമൈ’യിലാണ് അഭിനയ് ആദ്യമായി ശ്രദ്ധേയനായത്. ധനുഷിനൊപ്പം അഭിനയിച്ച ഈ ചിത്രം തമിഴ് സിനിമയിലെ പുതിയ തലമുറ കഥാചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.അഭിനയ് പിന്നീട് ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാള സിനിമയിലേക്കും അദ്ദേഹം കാലെടുത്തു വെച്ചിരുന്നു. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്ത്’ സിനിമയിൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് അഭിനയിച്ചു. നിരവധി പരസ്യചിത്രങ്ങളിലും അദ്ദേഹം മുഖം കാണിച്ചിരുന്നു.ദേശീയ പുരസ്കാരജേതാവായ ‘ഉത്തരായണം’ അടക്കം നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന നടി രാധാമണിയുടെ മകനാണ് അഭിനയ് കിങ്ങർ.അസുഖം മൂലം അവസാന കാലത്ത് നടന്റെ സാമ്പത്തിക സ്ഥിതി വഷളായതായാണ് വിവരം. സഹനടനായ ധനുഷ് ഉൾപ്പെടെ നിരവധി താരങ്ങൾ അദ്ദേഹത്തിന് സഹായവുമായി മുന്നോട്ട് വന്നിരുന്നു.


