മണ്ണാറശാല :ഓരോ മൺതരിയിലും നാഗചൈതന്യം സ്മരിക്കുന്ന മണ്ണാറശാല നാഗരാജക്ഷേത്രം ഭക്തിനിർഭരമായ ആയില്യം മഹോത്സവത്തിന് ഒരുങ്ങുന്നു. പുണർതം നാളായ ഇന്നലെ മഹാദീപക്കാഴ്ചയോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി. അനന്തൻ്റെ ദർശനപുണ്യമായ പൂയം തൊഴൽ ഇന്ന് നടക്കും. പന്ത്രണ്ട് ദിവസം നീണ്ടുനിന്ന അമ്മയുടെ വിശേഷാൽ പൂജകൾ ഇതോടെയാണ് സമാപിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് ചതുഃശത നിവേദ്യത്തോടെ അമ്മ ഉച്ചപ്പൂജ നടത്തും. അനന്തൻ്റെ ഭാവത്തിലുള്ള തിരുവാഭരണമാണ് ഇന്ന് ഭഗവാനു ചാർത്തുക. ആയില്യം നാളായ നാളെ ഭഗവാൻ വാസുകീഭാവത്തിലുള്ള തിരുവാഭരണം ധരിക്കും. നാളെ രാവിലെ ആറുമണിയോടെ കുടുംബകാരണവർ പൂജകൾ ആരംഭിക്കും. രാവിലെ ഒൻപത് മുതൽ നിലവറയ്ക്ക് സമീപം അമ്മ ഭക്തർക്ക് ദർശനം നൽകും.പരമ്പരാഗതമായി സ്ത്രീ പൂജാരിണിയായ ഈ ക്ഷേത്രത്തിൽ ഇപ്പോഴത്തെ വലിയമ്മ സാവിത്രി അന്തർജനം ആണ് പൂജാരിണി.
മുൻ വലിയമ്മയായ ഉമാദേവി അന്തർജനം 2023ൽ സമാധിയായതിനെ തുടർന്ന് ഒരു വർഷത്തെ വ്രതദീക്ഷ പൂർണമാക്കി കഴിഞ്ഞ 2024 സെപ്റ്റംബർ 5-നാണ് സാവിത്രി അന്തർജനം നാഗരാജപൂജ ആരംഭിച്ചത്.അനന്തന്റെയും വാസുകിയുടെയും ചൈതന്യം ഏകാത്മകമായി കുടികൊള്ളുന്ന മണ്ണാറശാല ക്ഷേത്രത്തിൽ നിന്ന് ഇല്ലത്തേക്കുള്ള നാഗരാജാവിന്റെ എഴുന്നള്ളത്ത് അദ്വൈതഭാവം പ്രതിഫലിപ്പിക്കുന്ന മഹാമുഹൂർത്തമാണ്. നാളെ ഉച്ചപ്പൂജയ്ക്കുശേഷം കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നിലവറയോടു ചേർന്ന തളത്തിൽ ആയില്യംപൂജയ്ക്കായി നാഗപത്മക്കളം വരയ്ക്കും. തുടർന്ന് അമ്മ ക്ഷേത്ര ശ്രീകോവിലിൽ പ്രവേശിച്ച് കുത്തുവിളക്കിലേക്കു ദീപം പകരും. നാഗരാജാവിൻ്റെ തിരുമുഖവും നാഗഫണവും അമ്മ കൈകളിലേറ്റും.സഹചാരിയായ ഇളയമ്മ സർപ്പയക്ഷിയമ്മയുടെയും, കുടുംബകാരണവന്മാർ വഹിക്കുന്ന നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെയും വിഗ്രഹങ്ങളുമേന്തിയാണ് ക്ഷേത്രത്തിന് വലംവച്ച് ഇല്ലത്തേക്ക് എഴുന്നള്ളുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കന്നിയും തുലാമാസവും മാത്രമാണ് ഇവിടെ ഈ പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് നടക്കുന്നത്.നാളെ ഉച്ചയ്ക്ക് 12നാണ് ഭക്തിനിർഭരമായ എഴുന്നള്ളത്ത് ആരംഭിക്കുന്നത്. ഇല്ലത്ത് എത്തിച്ചേർന്ന ശേഷം അമ്മയുടെ കാർമികത്വത്തിൽ ആയില്യംപൂജ നടക്കും. ഇല്ലത്തെ നിലവറയ്ക്ക് മുൻപിൽ നാഗക്കളങ്ങളിൽ തിടമ്പുകൾ വച്ച് അമ്മ ആയില്യംപൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിന്മേൽ നൂറുംപാലും ഉൾപ്പെടെയുള്ള പൂജാക്രമങ്ങൾ അർധരാത്രിവരെ നീളും. മകം നാളിലെ പുലർച്ചെയോടെ പൂജകൾ സമാപിക്കും.അതിനുശേഷം കുടുംബകാരണവർ ആകാശസർപ്പങ്ങൾക്ക് തട്ടിന്മേൽ നൂറുംപാലും അർപ്പിക്കും. അതോടെയാണ് ഈ വർഷത്തെ ആയില്യം നാളിലെ ചടങ്ങുകൾക്ക് സമാപനം കുറിക്കുന്നത്.


