മനുഷ്യക്കടത്ത് കേസുകൾ വർധിച്ചു:ഇറാനിയിലേക്ക് ഇന്ത്യക്കാർക്കുള്ള വീസ ഫ്രീ യാത്ര റദ്ദാക്കി; 22 മുതൽ മുൻകൂർ വീസ നിർബന്ധം

ന്യൂഡൽഹി: സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വീസയില്ല പ്രവേശന സൗകര്യം റദ്ദാക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ഇതോടെ ഈ മാസം 22 മുതൽ ഇറാനിൽ പ്രവേശിക്കാനോ ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനോ എല്ലാ ഇന്ത്യൻ യാത്രക്കാരും മുൻകൂട്ടി വീസ എടുക്കേണ്ടിവരും.മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസുകളും വർധിച്ചതിനെ തുടർന്നാണ് വീസ ഇളവ് പിന്വലിക്കാനുള്ള തീരുമാനം.

Advertisements

തൊഴിലവസരം വാഗ്ദാനം ചെയ്യുകയോ മൂന്നാം രാജ്യങ്ങളിലേക്കുള്ള തുടർയാത്ര ഉറപ്പുനൽകുകയോ ചെയ്തുവെന്ന് പറഞ്ഞ് ഇന്ത്യൻ പൗരന്മാരെ വശീകരിച്ച് ഇറാനിലെത്തിക്കുകയും, പിന്നീട് മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക് ലഭ്യമായിരുന്ന വീസരഹിത യാത്രാ സൗകര്യം ക്രിമിനൽ സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനാലാണ് നടപടി ശക്തമാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഇറാൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം. വീസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരെയും ഇറാൻ വഴി മൂന്നാം രാജ്യങ്ങളിലേക്കുള്ള യാത്ര വാഗ്ദാനം ചെയ്യുന്ന ഇടനിലക്കാരെയും ഒഴിവാക്കേണ്ടതാണ്” മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.2024 ഫെബ്രുവരി 4 മുതലാണ് ഇന്ത്യക്കാർക്ക് ഇറാൻ വിനോദസഞ്ചാരിയായി വീസയില്ലാതെ പ്രവേശിക്കാനുള്ള സൗകര്യം ആരംഭിച്ചത്. ആറ് മാസത്തിലൊരിക്കൽ പരമാവധി 15 ദിവസം വരെ വിമാന മാർഗമായിരുന്നു വീസരഹിത പ്രവേശനം അനുവദിച്ചിരുന്നത്. യുഎഇ, സൗദി അറേബ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പടെ 32 രാജ്യങ്ങൾക്ക് ഈ സൗകര്യം നിലനിന്നിരുന്നു.

Hot Topics

Related Articles