അമരാവതി: 45 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന സിപിഐ (മാവോയിസ്റ്റ്) കമാൻഡർ മദ്‌വി ഹിദ്മയെ സുരക്ഷാസേന വധിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ മറേദുമില്ലി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹിദ്മ മരിച്ചത്. ആന്ധ്ര–ഛത്തീസ്ഗഡ്–തെലങ്കാന സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്താണ് രാവിലെ ആറര മുതൽ ഏഴ് മണിക്കിടയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജില്ലാ എസ്‌പി അമിത് ബർദർ പറഞ്ഞു.പോലീസിന്റെ വിവിധ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും ഇതിനകം ആറു മാവോയിസ്റ്റുകളെ വധിച്ചിട്ടുണ്ടെന്നും എസ്‌പി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ ഹിദ്മയുടെ ഭാര്യ രാജെ (രാജക്ക)യുമുണ്ടെന്നാണ് ലഭ്യമായ വിവരം.
ആരാണ് മദ്‌വി ഹിദ്മ?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1981ൽ അവിഭക്ത മധ്യപ്രദേശിലെ സുക്‌മ ജില്ലയിലെ പുർവതി ഗ്രാമത്തിലാണ് മദ്‌വി ഹിദ്മ (സന്തോഷ്) ജനിച്ചത്. സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഹിദ്മ, പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ഒരു ബറ്റാലിയനെ നയിച്ചിരുന്നുവെന്നും ബസ്‌തർ മേഖലയിൽനിന്ന് സെൻട്രൽ കമ്മിറ്റിയിൽ എത്തിച്ചേരുന്ന ഏക ഗോത്രപ്രമുഖനുമാണ്.പത്താം ക്ലാസ് വരെ പഠിച്ചതിന് ശേഷം ഹിദ്മ മാവോയിസ്റ്റ് പാർട്ടിയിൽ ചേർന്നു. സുക്‌മ, ഡണ്ഡേവാഡ, ബിജാപുർ മേഖലകളിലായിരുന്നു പ്രവർത്തനം. കഴിഞ്ഞ വർഷങ്ങളിലായി നടന്ന നിരവധി കൊടുംതീവ്ര മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു.
പ്രധാനമായും
,2010 ഡണ്ഡേവാഡ ആക്രമണം – 76 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്
2013 ഝിരാം ഘട്ടി ആക്രമണം – കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 27 പേർ മരിച്ചു
2021 സുക്മ–ബിജാപുർ ആക്രമണം – 22 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
വിവിധ കാലഘട്ടങ്ങളിലായി നടന്ന 26 പ്രധാന മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് പിന്നിൽ ഹിദ്മയാണെന്ന് സുരക്ഷാസേന വൃത്തങ്ങൾ വ്യക്തമാക്കുന്നു.


