തിരുവനന്തപുരം :സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് സമയപരിധി നീട്ടി നൽകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്യൂമെറേഷൻ ഫോമുകളുടെ വിതരണം, വോട്ടർമാരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യൽ എന്നിവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന ഡിസംബർ 4 എന്ന സമയം മാറ്റില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടർമാരെ അറിയിച്ചു. സമയപരിധിയിൽ മാറ്റം വരുത്തണമെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമുണ്ടാകണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.അതേസമയം, എസ്ഐആർ നടപടികൾക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ എസ്ഐആർ നിർത്തിവെക്കണമെന്നാണ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നൽകിയ ഹർജിയിൽ പറയുന്നത്. എസ്ഐആറും തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടപ്പിലാക്കുന്നതോടെ ഭരണസംവിധാനം താളം തെറ്റാനിടയുണ്ടെന്നാണ് സർക്കാരിന്റെ വാദം.എസ്ഐആർ വിഷയത്തിൽ സർക്കാർ നേരത്തെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും, ജസ്റ്റിസ് വി.ജി. അരുണ്‍ സുപ്രീംകോടതിയെ സമീപിക്കണമായിരിക്കും ഉചിതമെന്നു നിർദേശിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്ഐആർ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും മുസ്ലിം ലീഗും പ്രത്യേകം ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കോൺഗ്രസിന്റെ ഹർജി സമർപ്പിച്ചു. മുസ്ലിം ലീഗിന്റെ ഹർജി സമർപ്പിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്.സംസ്ഥാനത്ത് എസ്ഐആറിനെ ചുറ്റിപ്പറ്റിയുള്ള നിയമ, ഭരണ, രാഷ്ട്രീയ വിവാദങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി വിഷയത്തിൽ തീരുമാനം എടുക്കാനിരിക്കുന്നത്.


