തിരുവനന്തപുരം:കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മാറ്റിവക്കാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വോട്ടർ പട്ടിക നിരീക്ഷണവും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ഒരേസമയം നടക്കുന്നത് അസാധാരണമല്ലെന്നും, ഇത് 2020-ലും ഇത്തരത്തിൽ തന്നെയായിരുന്നു എന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.സ്പെഷ്യൽ സമ്മറി റിവിഷനിൽ എന്യുമറേഷൻ ഒഴികെ എസ്.ഐ.ആർ പ്രക്രിയയിലെ എല്ലാ നടപടികളും ഉൾപ്പെടുന്നതായും, ഇപ്പോഴുള്ള തീവ്ര പരിഷ്കരണ പ്രവർത്തനം കാരണം സംസ്ഥാനഭരണത്തിൽ തടസം ഉണ്ടാകുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ വിശദീകരിച്ചു.
കണ്ണൂരിൽ ബി.എൽ.ഒയായിരുന്ന അനീഷ് ജോർജിന്റെ ആത്മഹത്യയെ എസ്.ഐ.ആർ ജോലിഭാരവുമായി ബന്ധപ്പെടുത്തി രാഷ്ട്രീയപരമായി പ്രയോജനപ്പെടുത്തുന്നുവെന്നും, ആത്മഹത്യയ്ക്ക് ജോലി സമ്മർദ്ദമാണ് കാരണം എന്നതിന് ഒരു രേഖയും ഇല്ലെന്നും കമ്മിഷൻ വ്യക്തമാക്കി. എസ്.ഐ.ആർ നടപടികൾക്കെതിരെ കേരളത്തിൽ നിന്നുള്ള ഹർജികൾ പിഴയോടെ തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.


