ന്യൂഡൽഹി സമഗ്രവോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ (എസ്ഐആർ) ചർച്ച ആവശ്യപ്പെട്ട് പാർലമെൻ്റിൻ്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭയിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടിസ് ചെയർമാൻ സി.പി.രാധാകൃഷ്ണൻ തള്ളി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും ഉച്ചക്ക് 2 മണിവരെ നിർത്തിവച്ചു.എസ്ഐആർ ജോലി ചെയ്യുന്ന നിരവധി ബിഎൽഒമാർ മരിച്ചെന്നും, അടിയന്തര സാഹചര്യമാണെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ സഭയിൽ പറഞ്ഞു.
ഇന്ന് തന്നെ ചർച്ച വേണമെന്നും ഖർഗെ ആവശ്യപ്പെട്ടു. എസ്ഐആറിൽ ചർച്ച നടക്കുമെന്നും പ്രതിപക്ഷ നേതാക്കളുമായി ഉടനെ ചർച്ച നടത്താമെന്നും രാജ്യസഭാ നേതാവായ ജെ.പി. നഡ്ഡ പറഞ്ഞു. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ച നടത്താനാകില്ലെന്നും വിവരങ്ങൾ ശേഖരിക്കണമെന്നുമാണ് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്. രാജ്യത്ത് മറ്റു വിഷയങ്ങളുമുണ്ടെന്നും ബിഹാറിലെ തോൽവിയുടെ ദേഷ്യം പാർലമെൻ്റിൽ തീർക്കരുതെന്നും റിജിജു പറഞ്ഞു. എന്നാൽ പ്രതിപക്ഷം ബഹളം തുടർന്നപ്പോൾ, ഇന്നോ നാളെയോ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്താമെന്ന് രാജ്യസഭാ ചെയർമാൻ സി. പി. രാധാകൃഷ്ണൻ വ്യക്തമാക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഭാ നടപടികളോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.പിന്നാലെ എസ്പെഐആറിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ്റിന് മുന്നിൽ പ്രതിഷേധിച്ചു. എസ്ഐആർ അവസാനിപ്പിക്കുക, വോട്ടു ചോരി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായായിരുന്നു പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഡിഎംകെ നേതാവ് കനിമൊഴി, ടി.ആർ. ബാലു അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.


