കോട്ടയം: അഡ്വാൻസ് കൊടുത്ത സ്ഥലം മറിച്ചു വിറ്റതായി ആരോപിച്ച് ഇടനിലക്കാരനെ കടയിൽ കയറി മർദിച്ചതിന് മണർകാട് സ്വദേശിയായ വ്യവസായിക്കും മറ്റ് രണ്ട് പേർക്കും എതിരെ കേസെടുത്ത് മണർകാട് പൊലീസ്. മണർകാട് പാറയിൽ ബെന്നി, ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ എന്നിവർക്കെതിരെയാണ് മണർകാട് പൊലീസ് കേസെടുത്തത്. ഈ കേസിലെ സാക്ഷിയെ വീട്ടിൽ കയറി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പ്രവാസിയെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനും ബെന്നിയ്ക്ക് എതിരെ മറ്റ് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയ്ക്കും മുഖ്യമന്ത്രിയ്ക്കുമാണ് ഈ രണ്ട് പരാതികളും നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് കുന്നുമ്പുറത്ത് വീട്ടിൽ ചെറിയാൻ ജോർജിനെ (49) ബെന്നി ഓഫിസിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചതായാണ് കേസ്. ബെന്നി വാങ്ങുന്നതിനായി അഡ്വാൻസ് നൽകിയ സ്ഥലം ചെറിയാൻ മറ്റൊരാൾക്ക് മറിച്ചു വിറ്റതായാണ് ബെന്നിയുടെ പരാതി. ഇതേ തുടർന്ന് ബെന്നി, ചെറിയാനെ ഓഫിസിൽ കയറി കമ്പി വടി അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മർദനത്തിൽ പരിക്കേറ്റ ചെറിയാൻ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മണർകാട് പൊലീസിൽ പരാതിയും നൽകി. ഈ കേസിൽ ബെന്നിയ്ക്ക് എതിരെ സാക്ഷി പറഞ്ഞ അനീഷ് എന്ന യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് മറ്റൊരു പരാതി ഉയർന്നിരിക്കുന്നത്. കേസിൽ സാക്ഷി പറഞ്ഞാൽ വീട്ടിൽ കയറി കാൽവെട്ടുമെന്നാണ് ബെന്നി ഭീഷണിപ്പെടുത്തിയതെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിയ്ക്കും മുഖ്യമന്ത്രിയ്ക്കും യുവാവ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ പ്രവാസി മലയാളിയായ മണർകാട് സ്വദേശിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ബെന്നിയ്ക്ക് എതിരെ മറ്റൊരു പരാതി കൂടി ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.


