തിരുവനന്തപുരം: രണ്ടാമതായി ലഭിച്ച ലൈംഗിക പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടയാതെ കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയില്‍ രാഹുല്‍ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി വിശദമായ വാദം കേള്‍ക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെയാണ് ഹർജി പരിഗണിച്ചത്. രാഹുലിനെതിരായി ഉയർന്ന ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി ഈ മാസം 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസില്‍ മുൻകൂർ ജാമ്യഹർജി നല്‍കിയത്. ആദ്യകേസില്‍ ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച വിധിയുടെ പകർപ്പും ചേർത്താണ് ഹർജി നല്‍കിയത്.
ആദ്യകേസില്‍ പ്രാഥമിക വാദം നടക്കുന്നതിനിടെയാണ് രണ്ടാം കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഈമെയിലിലൂടെ വന്ന പരാതി പൊലീസിന് കൈമാറുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തെങ്കിലും പരാതിക്കാരിയുടെ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ കൂടുതല്‍ അന്വേഷണവും നടന്നിട്ടില്ല. എങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്യാനുളള സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് അതിവേഗത്തില്‍ രണ്ടാമത്തെ കേസിലും ജാമ്യഹർജി നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യകേസിലെ ഹർജി ഹൈക്കോടതി ഈ മാസം പതിനഞ്ചിനാണ് വീണ്ടും പരിഗണിക്കുക. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഗുരുതര സ്വഭാവമുള്ള കാര്യങ്ങള്‍ ഹർജിയിലുണ്ടെന്നും അതിനാല്‍ വിശദവാദം കേള്‍ക്കണമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. മുപ്പത്തിരണ്ടാമതായിട്ടാണ് കേസ് ലിസ്റ്റുചെയ്തിരുന്നതെങ്കിലും കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസില്‍ വിശദമായി വാദം കേള്‍ക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.


