തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ അറസ്റ്റിന് തടസം നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു. 23 കാരിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ രാഹുല്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലെ വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കയാണ്.ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി, രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി.
ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് ഒഴിവാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. രാഹുലിന്റെ വേണ്ടി അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് ഓൺലൈനായി ഹാജരായി.പരാതിയിൽ പരാതിക്കാരിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളില്ലാത്തതിനാൽ കേസ് നിലനിൽക്കുന്നില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകന്റെ വാദം. പരാതിക്കാരിയുടെ പ്രാഥമിക മൊഴി അന്വേഷണ സംഘത്തിനില്ലെന്നും, കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടതിയുടെ പരാമർശങ്ങൾ
ഈ ഘട്ടത്തിൽ കോടതി ചില നിർണായക സംശയങ്ങൾ പ്രോസിക്യൂഷനോട് ഉന്നയിച്ചു.“സാധാരണ ഒരു പരാതി പോലീസിനോ ഡിജിപിക്കോ നല്കേണ്ടതല്ലേ? ഇവിടെ പരാതി ലഭിച്ചിരിക്കുന്നത് കെപിസിസി പ്രസിഡൻറിന് അല്ലേ?” – എന്നായിരുന്നു ചോദ്യം.ഇതിലൂടെ കേസ് രാഷ്ട്രീയ പ്രേരിതമാകാനുള്ള സാധ്യത കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ മറുപടിയായി കെപിസിസിക്ക് ലഭിച്ച ഇമെയിൽ പരാതി ഗൗരവമുള്ളതായതിനാൽ അത് പോലീസിന് കൈമാറിയതാണെന്ന് വ്യക്തമാക്കി. 2023-ലെ പരാതിയായിരുന്നാലും പുതിയ സാഹചര്യങ്ങളെ മുൻനിർത്തി ഇപ്പോൾ അറസ്റ്റ് തടഞ്ഞുകൊള്ളാൻ കഴിയില്ലെന്നും കോടതി സൂചിപ്പിച്ചു. തിങ്കളാഴ്ച പ്രോസിക്യൂഷൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പരാതിയുടെ പശ്ചാത്തലം
23 വയസുകാരിയായ യുവതിയാണ് രാഹുലിനെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതി നൽകിയത്. ഇമെയിൽ വഴി കെപിസിസിക്ക് നൽകിയ പരാതിയാണിത്. ആദ്യം നിയമനടപടിയിലേക്ക് പോവാൻ തലപര്യമില്ലന്നായിരുന്നു. എന്നാൽ ആദ്യ കേസ് പുറത്തുവന്നതോടെ അവർ മുന്നോട്ട് വരുകയായിരുന്നു.
മറ്റു കേസിൽ താൽക്കാലിക ആശ്വാസം
അതേസമയം ആദ്യ ബലാത്സംഗ കേസിൽ ഇന്ന് രാവിലെ ഹൈക്കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ മാത്രം ബാധകമായ ഇടക്കാല ഉത്തരവാണിത്. കേസ് വീണ്ടും ഈ മാസം 15ന് പരിഗണിക്കും.ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്. സെഷൻസ് കോടതി അപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുല്‍ ഹൈക്കോടതി സമീപിച്ചിരുന്നു. ഹർജിയിൽ വാദം കേൾക്കാത്ത ഘട്ടത്തിൽ പ്രതിഭാഗ അഭിഭാഷകൻ ഉന്നയിച്ച അഭ്യർത്ഥന പ്രകാരം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.


