മെസ്സിയുടെ ഇന്ത്യാ സന്ദർശനം;പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ

കൊൽക്കത്ത: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശന പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിലായി. മെസ്സി ഗോട്ട് ഇന്ത്യ ടൂർ–2025 ന്റെ പ്രൊമോട്ടറും മുഖ്യ സംഘാടകനുമായ ശതാദ്രു ദത്തയെയാണ് പശ്ചിമബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ബിധാൻനഗർ കോടതിയിൽ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ശനിയാഴ്ച കൊൽക്കത്തയിൽ നടന്ന പരിപാടി സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നാണ് നടപടി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി നടത്തിപ്പിൽ ഉണ്ടായ വീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ദത്തയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Advertisements

മെസ്സിയെ നേരിൽ കാണാനാവാതെ വന്നതോടെ അക്രമാസക്തരായ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി. ഗാലറിയിൽ നിന്നുള്ള കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ഒരുക്കിയ സംവിധാനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ലാത്തിവീശേണ്ടിവന്നു.മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് പേരാണ് മെസ്സിയെ കാണാനെത്തിയത്. 4,000 മുതൽ 25,000 രൂപ വരെ വിലയുള്ള ടിക്കറ്റുകൾ വാങ്ങിയിരുന്ന ആരാധകർക്ക് താരത്തെ ശരിയായി കാണാൻ പോലും കഴിഞ്ഞില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്നെന്ന് പരിപാടി അരമണിക്കൂറിനുള്ളിൽ അവസാനിപ്പിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. മെസ്സി വളരെ കുറച്ച് സമയം മാത്രമാണ് സ്റ്റേഡിയത്തിൽ ചെലവഴിച്ചത്.മെസ്സിയോടൊപ്പം മുഖ്യമന്ത്രി മമത ബാനർജി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി എന്നിവർ സ്റ്റേഡിയത്തിൽ എത്തുമെന്ന അറിയിപ്പും നടപ്പായില്ല. ഇതോടെ രോഷാകുലരായ ആരാധകർ കസേരകളും ബാരിക്കേഡുകളും റെയിലിങ്ങുകളും നശിപ്പിച്ചു.ആരാധക രോഷത്തിന് പിന്നാലെ മെസ്സിയോടും ആരാധകരോടും മുഖ്യമന്ത്രി മമത ബാനർജി ക്ഷമാപണം നടത്തി. സംഘാടകരുടെ കെടുകാര്യസ്ഥതയിൽ ഞെട്ടിപ്പോയതായും സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചതായും മമത അറിയിച്ചു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഘാടകനെ അറസ്റ്റ് ചെയ്തു.

മൂന്ന് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ആദ്യ പാദത്തിനായി ഇന്നലെ പുലർച്ചെയാണ് മെസ്സിയും സംഘവും കൊൽക്കത്തയിലെത്തിയത്. നഗരത്തിലെ തന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് താരം സ്റ്റേഡിയത്തിലേക്ക് എത്തിയത്. മെസ്സിക്കൊപ്പം ഇന്റർ മയാമി സഹതാരങ്ങളായ ലൂയിസ് സുവാരസും അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോളും ഉണ്ടായിരുന്നു.ഡിസംബർ 13 മുതൽ 15 വരെ ഇന്ത്യയിൽ പര്യടനം നടത്തുന്ന മെസ്സി കൊൽക്കത്തയ്ക്ക് പുറമെ ഹൈദരാബാദിലും സന്ദർശിച്ചു. തെലങ്കാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ താരം കണ്ടു.

രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് മെസ്സി ഒപ്പിട്ട ജേഴ്സി സമ്മാനിച്ചു.ഇന്ന് മുംബൈയിലെ പരിപാടിയിൽ പങ്കെടുക്കുന്ന മെസ്സി തുടർന്ന് ഡൽഹിയിലേക്ക് പോകും. മുംബൈയിലെ പരിപാടിയിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Hot Topics

Related Articles