മലയാളികളുടെ ചിരിയുടെയും ചിന്തയുടെയും ശില്പി; ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ–സിനിമ മേഖലയിലെ പ്രമുഖർ

കൊച്ചി:അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ.അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് നേതാക്കളും കലാകാരന്മാരും പറഞ്ഞു.സംവിധായകൻ സത്യൻ അന്തിക്കാട് ഏറെ വൈകാരികമായാണ് ശ്രീനിവാസനെ അനുസ്മരിച്ചത്. രണ്ടാഴ്ചയ്ക്കൊരിക്കൽ ശ്രീനിവാസന്റെ വീട്ടിൽ പോകാറുണ്ടായിരുന്നെന്നും, പലപ്പോഴും രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ ചെലവഴിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വാക്കറിലായിരുന്നു ശ്രീനിവാസൻ നടന്നിരുന്നത്. എങ്കിലും അദ്ദേഹം തിരിച്ചുവരുമെന്ന് വലിയ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.

Advertisements

നിലവിലെ തിരഞ്ഞെടുപ്പ് കാലത്ത് ‘സന്ദേശം’ എന്ന സിനിമയുടെ പ്രസക്തിയെക്കുറിച്ച് ഇരുവരും തമ്മിൽ ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസാരത്തിനിടെ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇടറുകയും ഏറെ വികാരാധീനനാവുകയും ചെയ്തു. അത്രയധികം ആഴമുള്ള സൗഹൃദമായിരുന്നു ശ്രീനിവാസനുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.നടനും എംഎൽഎയുമായ മുകേഷ്, സിനിമയ്ക്കുവേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് അനുസ്മരിച്ചു. ഒരു തിരക്കഥ വായിച്ചാൽ പത്ത് ചോദ്യങ്ങളെങ്കിലും തിരിച്ച് ചോദിക്കുകയും, അവയ്ക്കെല്ലാം തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ മുന്നോട്ട് പോകാറുണ്ടായിരുന്നുള്ളുവെന്നും മുകേഷ് പറഞ്ഞു.ശ്രീനിവാസന്റെ അടുത്തേക്ക് പോകാൻ പോലും ചിലപ്പോൾ ഭയമുണ്ടായിരുന്നുവെന്നും, അത്രയധികം ഷാർപ്പായ വ്യക്തിത്വമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. 43 വർഷത്തെ സൗഹൃദത്തിൽ ഒരിക്കലും ചെറിയ നീരസം പോലും ഉണ്ടായിട്ടില്ലാത്ത അടുത്ത സുഹൃത്തായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ രചനകൾ പോലെ തന്നെ ചിരിയും മലയാളികൾക്ക് പ്രിയപ്പെട്ടതായിരുന്നുവെന്നും മുകേഷ് അനുസ്മരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രി കെ.ബി. ഗണേഷ് കുമാർ, തനിക്ക് വളരെ അടുത്തിരുന്ന പ്രിയ സുഹൃത്തിന്റെ സഹോദരന്റെ വേർപാട് ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് പറഞ്ഞു. ലോകത്തിന്റെ ഏത് കോണിലായാലും മലയാളികൾ ഒരു ദിവസം പോലും ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് പോലും ഓർക്കാതെ കടന്നുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു.“ദാസാ… ഓരോന്നിനും അതിന്റേതായ സമയം ഉണ്ടു മോനേ…” തുടങ്ങിയ അനവധി സംഭാഷണങ്ങൾ മലയാളികളുടെ മനസ്സിൽ എക്കാലവും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതുപോലൊരു കലാകാരനെ ഇനി മലയാളത്തിന് ലഭിക്കില്ലെന്നും, ശ്രീനിവാസന്റെ ഓരോ രചനയും ചിരിപ്പിച്ചതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്തുവെന്നും ഗണേഷ് കുമാർ പറഞ്ഞു. ഈ വിടവ് ഒരിക്കലും നികത്താനാകാത്തതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഉൾക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിച്ച ചലച്ചിത്ര പ്രവർത്തകനായിരുന്നു ശ്രീനിവാസനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമബോധത്തെയും ആഴത്തിൽ സ്പർശിച്ച കഥാകൃത്തായിരുന്നു അദ്ദേഹം.അവസാനം കണ്ടപ്പോഴും ശാരീരികമായ പലവിധ അവശതകൾക്കിടയിലും ശ്രീനിവാസൻ തന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്നും എം.വി. ഗോവിന്ദൻ അനുസ്മരിച്ചു.

Hot Topics

Related Articles