വാളയാർ:വാളയാറിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ടമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആക്രമിച്ചവരിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ്. രണ്ട് മണിക്കൂറിലേറെ നീണ്ട മർദ്ദനത്തിനിടെ ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും ആക്രമിച്ചുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
കേസിന്റെ അന്വേഷണം ഏറ്റെടുത്ത ഡിവൈഎസ്‌പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി പരിശോധിക്കുന്നത്. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ഇതിൽ ചിലർ സംഭവത്തിന് പിന്നാലെ നാടുവിട്ടതായി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്‌ഗഡ് സ്വദേശിയായ രാംനാരായണ ഭയ്യാറിനെ നാട്ടുകാർ വിചാരണ നടത്തി ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ രാംനാരായണൻ പിന്നീട് മരണപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞതായും അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. ആൾക്കൂട്ടക്കൊല കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


