കൊച്ചി:കാലത്തെ അതിജീവിച്ച സിനിമകളിലൂടെ മലയാളികളെ ചിരിയിൽ പൊതിഞ്ഞ ചോദ്യങ്ങൾ ചോദിച്ച അതുല്യ പ്രതിഭ, നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) ഇനി ഓർമത്തിരയിൽ. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന് രാവിലെ 10ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. ഭാര്യ വിമല. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. മരുമക്കൾ: ദിവ്യ, അർപ്പിത.
കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനിവാസൻ പി. എ. ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 1984ൽ പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥാകൃത്തിന്റെ തുടക്കം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ 54 സിനിമകൾക്ക് തിരക്കഥയെഴുതിയ അദ്ദേഹം രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ 32 സിനിമകൾ സത്യൻ അന്തിക്കാടിനും പ്രിയദർശനും വേണ്ടിയായിരുന്നു.സുന്ദര ഗംഭീര നായകന്മാരെക്കുറിച്ച് മുൻവിധിയുണ്ടായിരുന്ന കാലത്ത്, അത്തരം പരിമിതികളെ തന്നെ സാധ്യതയാക്കിയ കഥാപാത്രങ്ങളായിരുന്നു ശ്രീനിവാസന്റേത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധാരണ മനുഷ്യന്റെ ജീവിതസങ്കടങ്ങളും സാമൂഹിക ചോദ്യങ്ങളും നർമ്മത്തിലൂടെ അവതരിപ്പിച്ച അദ്ദേഹം മലയാള സിനിമയ്ക്ക് വേറിട്ട ഭാഷ സമ്മാനിച്ചു.ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിന് 1998ൽ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1989ൽ വടക്കുനോക്കിയന്ത്രം മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മഴയെത്തും മുൻപേ, സന്ദേശം എന്നീ സിനിമകൾക്ക് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും നേടി.
എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനായി വെച്ച മൃതദേഹത്തിൽ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.


