കടുത്തുരുത്തി : ബാങ്കിന്റെ കടം തീർക്കാൻ സഹോദരിയുടെ കയ്യിൽ നിന്ന് കടം വാങ്ങിയ സ്വർണാഭരണങ്ങളുമായി ബസ്സിൽ പോകുന്നതിനിടയിൽ തമിഴ് നാടോടി സ്ത്രീ സ്വർണ്ണം മോഷ്ടിച്ചു. പിന്നാലെ ആത്മഹത്യയുടെ വക്കിലെത്തിയ കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയിരിക്കുകയാണ് കടുത്തുരുത്തി പോലീസ്. മാല മോഷ്ടിച്ച പ്രതികളെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.കടുത്തുരുത്തി സ്വദേശിയായ ശ്രീലത പണയം വെക്കാൻ കൊണ്ടുപോയ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
നവംബർ 26ന് രാവിലെ 9:30 ന് ആയിരുന്നു സംഭവം.ബാങ്കിലെ കടം തീർക്കാൻ, സഹോദരിയുടെ കയ്യിൽ നിന്ന് കടം വാങ്ങിയ സ്വർണാഭരണങ്ങളുമായി പണയം വയ്ക്കാൻ പോകുന്നതിനിടെയാണ് ബസ്സിൽ വച്ച് തമിഴ് നാടോടി സ്ത്രീ ഇവരുടെ സ്വർണ്ണം മോഷ്ടിക്കുന്നത്.തുടർന്ന് ഇവർ കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കടുത്തുരുത്തി പോലീസിന്റെ പഴുതുകൾ അടച്ചുള്ള അന്വേഷണത്തിനൊടുവിൽ നാടോടി സ്ത്രീയെ തിരിച്ചറിയുകയും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ, പത്തനംതിട്ട ജില്ലയിലെ അടൂർ ചേനംപുത്തൂർ കോളനിയിൽ ഒളിവിൽ താമസിക്കുകയായിരുന്ന തിരുനെൽവേലി സ്വദേശിയായ സെൽവിയെ പിടികൂടുകയായിരുന്നു.കടുത്തുരുത്തി എസ്എച്ച്ഓ എ.സ് അൻസൽ,എസ് ഐ ദീപു,സുമൻ പി മണി,അജീഷ് പി,പ്രവീൺ,ശരത്,ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഡിസംബർ ആറാം തീയതി ഇവർ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്ത് ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് ഇവരെ വൈക്കം കോടതിയിൽ ഹാജരാക്കി.തുടർന്ന് കടുത്തുരുത്തി പോലീസിന്റെ സാന്നിധ്യത്തിൽ നഷ്ടപ്പെട്ട സ്വർണം ശ്രീലതക്ക് തിരികെ നൽകി. സ്വർണ്ണം തിരികെ എടുക്കാൻ അഹോരാത്രം പ്രയത്നിച്ച പോലീസിന് നന്ദി പറയുകയും കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ ശ്രീലതയും ഭർത്താവും കേക്കുമായി എത്തി മധുരം പങ്കുവെക്കുകയും ചെയ്തു.നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിച്ചില്ലയെങ്കിൽ തങ്ങളുടെ 3 സെന്റ് ഭൂമി സ്വർണം പണയം വയ്ക്കാൻ തന്ന സഹോദരിക്ക് തീറാധാരം ചെയ്തു നൽകി ആത്മഹത്യ ചെയ്യാൻ പോവുകയായിരുന്നുവെന്നും ശ്രീലതയും ഭർത്താവും പറഞ്ഞു.


