തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ പോറ്റിയെ കാണുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി പോറ്റിയെ കണ്ടിട്ടുണ്ടെന്നും ഇത്തരം പരാമർശങ്ങൾ മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.ആറ്റിങ്ങൾ എംപി ആയിരുന്ന കാലത്ത് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ സന്ദർശിച്ചിരുന്നുവെന്നും അത് സാമൂഹ്യസേവന പരിപാടിയെക്കുറിച്ചുള്ള ചർച്ചയാണെന്നും അടൂർ പ്രകാശ് വിശദീകരിച്ചു. പോറ്റിയോടൊപ്പം സോണിയ ഗാന്ധിയെ കണ്ടത് സത്യമാണെങ്കിലും, സോണിയ ഗാന്ധിക്ക് പോറ്റിയെ പരിചയപ്പെടുത്തിയത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും, പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയതായി ആരോപിക്കപ്പെടുന്ന ഗോവർധനും ഉൾപ്പെടെയുള്ളവരുമായി വിവിധ രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം കനക്കുന്നത്. ഈ ചിത്രങ്ങൾ അടിസ്ഥാനമാക്കി രാഷ്ട്രീയ പാർട്ടികൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്.രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉൾപ്പെടെ കേസിൽ അറസ്റ്റിലായതോടെ, ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം സോണിയ ഗാന്ധി നിൽക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയാണ് സിപിഎം നേതാക്കൾ ആരോപണങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് മറുപടിയായി മുഖ്യമന്ത്രിയോടൊപ്പം പോറ്റി നിൽക്കുന്ന ചിത്രം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തോടെ വിവാദം കൂടുതൽ രൂക്ഷമായി. സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഗോവർധനിൽ നിന്ന് സോണിയ ഗാന്ധി ഉപഹാരം സ്വീകരിക്കുന്ന ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നു. മറ്റൊരു ചിത്രത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ കൈയിൽ എന്തോ കെട്ടിക്കൊടുക്കുന്നതായി കാണാം. ഈ ചിത്രങ്ങളിൽ എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.ഇത്തരം ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ്, “ശബരിമല സ്വർണ്ണക്കേസിലെ പ്രതികൾക്ക് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം എങ്ങനെ ലഭിച്ചു?” എന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചത്.


