ശബരിമല സ്വർണക്കൊള്ള: മുഖ്യ പ്രതി എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി ഡിസംബർ 30 വരെ നീട്ടി

പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി ഡിസംബർ 30 വരെ കൊല്ലം വിജിലൻസ് കോടതി നീട്ടി. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അന്നേ ദിവസം കോടതി വിധി പറയും.റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് പത്മകുമാറിനെ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിലും കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജികളും ഡിസംബർ 30ന് പരിഗണിക്കും.അതേസമയം, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും.

Advertisements

ഇയാളെ ഇന്ന് തന്നെ വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കിയേക്കുമെന്നാണ് വിവരം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ രേഖകളുടെ സർട്ടിഫൈഡ് പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷയിലും വിജിലൻസ് കോടതി ഇന്ന് വിധി പറയും.ഇതിനിടെ, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് നടപടി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജയശ്രീ അന്വേഷണ സംഘവുമായി പൂർണമായി സഹകരിക്കണമെന്നും ജനുവരി 8, 9 തീയതികളിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്നും, ബോർഡിന്റെ തീരുമാനങ്ങൾ സെക്രട്ടറിയെന്ന നിലയിൽ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും അവർ കോടതിയെ അറിയിച്ചു. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. ഹർജി 2026 ഫെബ്രുവരി 9ന് വീണ്ടും പരിഗണിച്ചേക്കും.

Hot Topics

Related Articles