ചിറ്റൂർ:പാലക്കാട് ചിറ്റൂരിൽ കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ചിറ്റൂർ നഗരസഭാ ചെയർമാനും കുട്ടിയുടെ ബന്ധുക്കളും രംഗത്തെത്തി. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും ചിറ്റൂർ നഗരസഭാ ചെയർമാൻ സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.മൃതദേഹം കണ്ടെത്തിയ കുളം പ്രധാന റോഡിൽ നിന്ന് അകലെയായി സ്ഥിതി ചെയ്യുന്നതാണ്. വീടിന് പുറത്തേക്ക് അധികം പോകാറില്ലാത്ത കുട്ടി റോഡിൽ നിന്ന് മാറി കിടക്കുന്ന കുളത്തിന് സമീപം സ്വമേധയാ എത്താൻ സാധ്യത കുറവാണെന്നാണ് ചെയർമാന്റെ നിരീക്ഷണം. സുഹാൻ കൂടുതലായി പുറത്തിറങ്ങാത്ത കുട്ടിയാണെന്ന് പ്രദേശത്തെ ആശാവർക്കറും മൊഴി നൽകിയിട്ടുണ്ട്.
കേൾവിക്കും സംസാരശേഷിക്കും പ്രയാസമുള്ള കുട്ടിയായതിനാൽ പരിചിതമല്ലാത്ത ഇടങ്ങളിലേക്ക് തനിയെ പോകാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെ വാദം.രണ്ടുദിവസം മുൻപ് ബന്ധുക്കളായ കുട്ടികളോടൊപ്പം സമീപത്തെ പാർക്കിലേക്ക് പോയതാണ് ഇതിന് മുമ്പ് സുഹാൻ വീട്ടിൽ നിന്ന് ദൂരേക്ക് പോയ ഒരേയൊരു സംഭവമെന്നും ബന്ധുക്കൾ വ്യക്തമാക്കി.അമ്പാട്ടുപ്പാളയം എരുമൻകോട് സ്വദേശികളായ മുഹമ്മദ് അനസ് – താഹിറ ദമ്പതികളുടെ മകനാണ് സുഹാൻ. ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിൽ 21 മണിക്കൂർ വരെ നീണ്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീടാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ ആരെങ്കിലും കുളത്തിന് സമീപം കൊണ്ടുപോയി ഉപേക്ഷിച്ചതാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.


