ന്യൂഡൽഹി:ആർഎസ്എസിന്റെയും ബിജെപിയുടെയും ശക്തമായ സംഘടനാ സംവിധാനത്തെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തി. പാർട്ടിക്കുള്ളിലെ അച്ചടക്കവും സംഘടനാ ശക്തിപ്പെടുത്തലുമാണ് ഏറ്റവും പ്രധാനമെന്നും, നീണ്ട ചരിത്രമുള്ള കോൺഗ്രസിന് സ്വന്തം ഭൂതകാലത്തിൽ നിന്ന് പലതും പഠിക്കാനുണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു. സംഘടനയെ ശക്തിപ്പെടുത്തുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൊതുവായ ലക്ഷ്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും സംഘടനാ സംവിധാനം പ്രശംസിച്ച് ദിഗ് വിജയ് സിംഗ് പരാമർശം നടത്തിയത്. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകരാണ് പിന്നീട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്ത കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ദിഗ് വിജയ് സിംഗ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.യോഗത്തിന് പിന്നാലെ എൽ.കെ. അദ്വാനി കസേരയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിലത്തും ഇരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ദിഗ് വിജയ് സിംഗ് എക്‌സിൽ (X) പങ്കുവച്ചു. ‘നിലത്ത് ഇരിക്കുന്ന’ സാധാരണ പ്രവർത്തകർക്ക് ബിജെപി-ആർഎസ്‌എസ് സംഘടനാ സംവിധാനത്തിൽ വളർന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാൻ കഴിയുന്നു. അതാണ് ആ സംഘടനയുടെ യഥാർത്ഥ ശക്തി. ജയ് സീതാറാം’ എന്ന് കുറിച്ചായിരുന്നു ദിഗ് വിജയ് സിംഗിന്റെ പോസ്റ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയറാം രമേഷ് എന്നിവരെയും ദിഗ് വിജയ് സിംഗ് പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ശശി തരൂരിന്റെ പിന്തുണാ പരാമർശം.


