പേരിലെ സാമ്യം ദുരന്തമായി;ആളുമാറി കസ്റ്റഡിയിൽ എടുത്ത യുവാവിനെ ക്രൂരമായി മർദ്ദിച്ചു; വിയ്യൂർ പൊലീസിനെതിരെ പരാതിയുമായി ബന്ധുക്കൾ

തൃശ്ശൂർ:ആളുമാറി കസ്റ്റഡിയിൽ എടുത്ത യുവാവിനെ വിയ്യൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. കുറ്റൂർ ചാമക്കാട് പുതുകുളങ്ങര സ്വദേശി പി.എസ്. ശരത്ത് (31) ആണ് പൊലീസിന്റെ മർദ്ദനത്തിന് ഇരയായതെന്ന് ആരോപണം.നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് ‘ശരത്’ എന്ന പേരുള്ള ഒരാളെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഈ കേസിലെ പ്രതി കാപ്പാ കേസുകളിലും പ്രതിയായ പി.എസ്. ശരത്ത് ആണെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ശരത്തിനെ മർദ്ദിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ ശരത്തിന്റെ സഹോദരൻ രാജീവിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം യാതൊരു വിശദീകരണവും നൽകാതെയാണ് ശരത്തിനെ ക്രൂരമായി മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.

Advertisements

ലാത്തി ഉപയോഗിച്ച് ശരത്തിന്റെ ശരീരമാകെ അടിച്ചതിന്റെ പാടുകൾ ദേഹമാസകലം കാണപ്പെടുന്നതായും പുറത്തും വയറ്റിലും ശക്തമായി മർദ്ദിച്ചുവെന്നും ആരോപണമുണ്ട്.തുടർന്ന് ഉന്തിത്തള്ളി ജീപ്പിൽ കയറ്റുന്നതിനിടെ തലയിടിച്ച് ശരത്തിനും പരിക്കേറ്റതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് അതിക്രമം ആരോപിച്ച് കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Hot Topics

Related Articles