ഹെൽത്ത് ഡെസ്ക്:മിതമായ കാപ്പി ഉപയോഗം ആയുസ് വർധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും സഹായിക്കുമെന്ന് പുതിയ പഠനം.ദിവസേന നിശ്ചിത അളവിൽ കാപ്പി കുടിക്കുന്നവർക്കു ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയുന്നുവെന്നാണ് ശാസ്ത്രീയ കണ്ടെത്തൽ.ബുഡാപെസ്റ്റിലെ സെമ്മെലൂയിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കാപ്പി ഉപഭോഗവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമഗ്ര പഠനം നടത്തിയത്. മിതമായ അളവിൽ സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 17 ശതമാനം വരെ കുറയുന്നുവെന്നും, ഹൃദയാഘാത സാധ്യത 21 ശതമാനം വരെ കുറയുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.ഹൃദ്രോഗം സ്ഥിരീകരിക്കാത്തവരിൽ കാപ്പി കുടിക്കുന്ന ശീലവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതിനായി നടത്തിയ ഏറ്റവും വലിയ പഠനങ്ങളിലൊന്നാണ് ഇതെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
സെമ്മെലൂയിസ് യൂണിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് ഡോ. ജൂഡിറ്റ് സൈമൺ്റെ നേതൃത്വത്തിലായിരുന്നു പഠനം.ദിവസേന അരക്കപ്പ് മുതൽ മൂന്ന് കപ്പ് വരെ കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായകരമാണെന്നും, അതിലധികം കാപ്പി കുടിക്കുന്നത് പോലും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതായി തെളിവുകളില്ലെന്നും ഗവേഷകർ വ്യക്തമാക്കി.പഠനത്തിൽ പങ്കെടുത്തവരിൽ 22 ശതമാനം പേർ സ്ഥിരമായി കാപ്പി കുടിക്കാത്തവരായിരുന്നു. 58.4 ശതമാനം പേർ ദിവസേന അരക്കപ്പ് മുതൽ മൂന്ന് കപ്പ് വരെ കാപ്പി ഉപയോഗിച്ചവരായിരുന്നപ്പോൾ, 19.5 ശതമാനം പേർ മൂന്ന് കപ്പിൽ കൂടുതൽ കാപ്പി ദിവസേന ഉപയോഗിച്ചവരായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഠനവിധേയരായവരുടെ ശരാശരി പ്രായം 56.2 വയസായിരുന്നു.പഠനം ആരംഭിക്കുന്ന സമയത്ത് പങ്കെടുത്തവരിൽ ആർക്കും തന്നെ ഹൃദ്രോഗം സ്ഥിരീകരിച്ചിരുന്നില്ല. പഠനത്തിന് കൂടുതൽ ആധികാരികത നൽകുന്നതിനായി 30,650 പേരുടെ ഹൃദയ എംആർഐ സ്കാൻ റിപ്പോർട്ടുകളും പരിശോധിച്ചു. സ്ഥിരമായി കാപ്പി കുടിക്കുന്നവരുടെ ഹൃദയം, കാപ്പി കുടിക്കാത്തവരുടേതിനേക്കാൾ കൂടുതൽ ആരോഗ്യമുള്ളതും പ്രവർത്തനക്ഷമവുമായിരുന്നുവെന്നും പഠനം കണ്ടെത്തി.


