മലപ്പുറം:മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ വിശദീകരണം തേടിയ മാധ്യമപ്രവർത്തകരോട് കയർത്തു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായ അദ്ദേഹം മൈക്ക് തള്ളിമാറ്റുകയും ചെയ്തു.മലപ്പുറം പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോഴാണ് വെള്ളാപ്പള്ളി കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും, അത് ചില പ്രത്യേക വിഭാഗങ്ങളുടെ സംസ്ഥാനമാണെന്നുമായിരുന്നു നേരത്തെ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
ഏപ്രിൽ മാസത്തിൽ എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. മലപ്പുറത്തെ പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.“മലപ്പുറത്ത് ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നാക്ക വിഭാഗക്കാർക്ക് ഒരു പള്ളിക്കൂടമോ കോളേജോ ഹയർസെക്കൻഡറി സ്കൂളോ പോലും ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്നങ്ങളാണ്,” എന്നാണ് വെള്ളാപ്പള്ളി കൺവെൻഷനിൽ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസ്താവന വലിയ വിവാദമായതിനെ തുടർന്ന് വിവിധ രാഷ്ട്രീയ–സാമൂഹിക സംഘടനകൾ വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം തേടി മാധ്യമങ്ങൾ സമീപിച്ചതെങ്കിലും, ചോദ്യങ്ങൾ ചോദിച്ചതിൽ അസ്വസ്ഥനായ വെള്ളാപ്പള്ളി മാധ്യമങ്ങളോട് കടുത്ത നിലപാട് സ്വീകരിച്ചത്.


