തിരുവനന്തപുരം:സിറ്റി ഇ-ബസുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസുകൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചുനൽകാൻ തയ്യാറാണെന്നും, അതിന് പകരമായി കെഎസ്ആർടിസി 150 ബസുകൾ നഗരത്തിൽ സർവീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെടുകയാണെന്ന് മന്ത്രി ആരോപിച്ചു. കോർപ്പറേഷൻ ബസുകൾ കേന്ദ്ര പദ്ധതിയിലൂടെയാണ് ലഭിച്ചതെന്ന വാദം ശരിയല്ലെന്നും, പദ്ധതിയിൽ സംസ്ഥാനത്തിന്റെ പങ്ക് 500 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിലെ 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്റേതാണെന്നും, നിലവിൽ 113 ബസുകൾ ഇതേ രീതിയിലാണ് കോർപ്പറേഷൻ സ്വന്തമാക്കിയതെന്നും മന്ത്രി വിശദീകരിച്ചു.
മൂന്ന് പാർട്ടികൾ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ബസുകൾ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള കെഎസ്ആർടിസി ബസുകൾ മറ്റേതൊരു ജില്ലയിലും ഓടുന്നില്ലെന്നും, ഇ-ബസുകൾക്ക് ആവശ്യമായ സങ്കീർണമായ മെയിന്റനൻസ് സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് മറ്റ് ജില്ലകളിൽ സർവീസ് നടത്താത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറ്ററി നശിച്ചാൽ അത് മാറ്റിവയ്ക്കാൻ ഏകദേശം 28 ലക്ഷം രൂപ ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു.മേയർ ആവശ്യപ്പെട്ടാൽ 113 ബസുകളും 24 മണിക്കൂറിനുള്ളിൽ തിരികെ നൽകാൻ തയ്യാറാണെന്നും, അതിനായി കെഎസ്ആർടിസി സിഎംഡിക്ക് ഒരു കത്ത് നൽകിയാൽ മതിയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകരമായി 150 കെഎസ്ആർടിസി ബസുകൾ നഗരത്തിൽ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷന് ബസുകൾ നൽകിയാൽ, അവ കെഎസ്ആർടിസിയുടെ സ്ഥലത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.ഈ വിഷയത്തിൽ മേയർ നേരിട്ട് തന്നോട് സംസാരിച്ചിട്ടില്ലെന്നും, ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി പറഞ്ഞു. ബസുകൾ സന്തോഷത്തോടെ തിരികെ നൽകാൻ തയ്യാറാണെന്നും, ഡ്രൈവർ, കണ്ടക്ടർ, വർക് ഷോപ്പ് ഉൾപ്പെടെ എല്ലാം കെഎസ്ആർടിസിയുടെ സംവിധാനത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, ഇ-ബസുകൾ നഗരത്തിനുള്ളിൽ മാത്രമേ ഓടിക്കാവൂ എന്നും, നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ സമ്മർദത്തിന്റെ ഭാഗമായാണ് മറ്റ് സ്ഥലങ്ങളിൽ ബസുകൾ സർവീസ് നടത്തുന്നതെന്നും, കോർപ്പറേഷന് കൃത്യമായ ലാഭവിഹിതം ലഭിക്കണമെന്നും മേയർ പറഞ്ഞു.കരാറിൽ മാറ്റം വരുത്താൻ ഒന്നോ രണ്ടോ വ്യക്തികൾക്ക് അധികാരമില്ലെന്നും, ബസുകൾ കേന്ദ്ര സർക്കാർ തിരുവനന്തപുരം കോർപ്പറേഷനു നൽകിയതാണെന്നും മേയർ വ്യക്തമാക്കി. കോർപ്പറേഷനു ലഭിച്ച ബസുകൾ കോർപ്പറേഷൻ പരിധിയിലുള്ള ജനങ്ങൾക്ക് പ്രയോജനപ്പെടണമെന്നും, കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വി.വി. രാജേഷ് അറിയിച്ചു.


